#INDIA TALK

തൃശൂർ അങ്ങ് എടുത്ത് സുരേഷ് ഗോപി

ഡൽഹി : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ‘തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഓളമാണുണ്ടാക്കിയത്. എന്നാല്‍ ഫലം വന്നു കഴിഞ്ഞപ്പോള്‍ അത് വലിയ ട്രോളായി. സുരേഷ് ഗോപി തന്നെ നായകനായി അഭിനയിച്ച സിനിമയില്‍ പോലും സഹ കഥാപാത്രം സൂപ്പര്‍ താരത്തെ ആ ഡയലോഗ് പറഞ്ഞ് കളിയാക്കുന്നതും പിന്നീട് മലയാളികള്‍ കണ്ടു. എന്നാല്‍ അതിനെ പരിഹാസമായി എടുക്കാതെ അലങ്കാരമായി എടുത്തായിരുന്നു സുരേഷ് ഗോപിയുടെ പിന്നീടുള്ള ഓരോ നീക്കങ്ങളും.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായ സുരേഷ് ഗോപി മൂന്നാമൂഴത്തില്‍ തൃശൂരില്‍ ഒന്നാം സ്ഥാനത്തെത്തി ശക്തന്‍റെ തട്ടകത്തില്‍ കരുത്ത് കാട്ടി. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് നേരത്തെ രണ്ട് തവണ തോറ്റിട്ടും രാജ്യസഭാ എംപിയെന്ന നിലയിലും തൃശൂര്‍ കേന്ദ്രീകരിച്ച് തന്നെയായിരുന്നു സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം കേന്ദ്ര മന്ത്രി അമിത് ഷാ തന്നെ സുരേഷ് ഗോപിയെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചപ്പോഴെ വിഐപി മണ്ഡലത്തില്‍ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയും ആരംഭിച്ചിരുന്നു.

ഒക്ടോബറില്‍ കരുവന്നൂര്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവനകളിലൂടെയും പദയാത്രയിലൂടെയുമെല്ലാം സുരേഷ് ഗോപി മണ്ഡലത്തില്‍ തന്‍റെ സാന്നിധ്യം സജീവമാക്കി നിലനിര്‍ത്തി. പദയാത്രയില്‍ കിതച്ചതും വെള്ളം കുടിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസങ്ങള്‍ക്ക് കാരണമായെങ്കിലും അതൊന്നും കണക്കിലെടുക്കാതെ സുരേഷ് ഗോപി മുന്നോട്ട് നടന്നു. പരിഹാസങ്ങളും ട്രോളുകളും മാത്രമായിരുന്നില്ല കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ സൂപ്പര്‍ താരത്തെ അനുകൂലിച്ചും എതിര്‍ത്തും സിനിയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതും പിന്നാലെ നടത്തിയ പ്രതികരണങ്ങളുമെല്ലാം താരത്തെ വാര്‍ത്തകളില്‍ സജീവമായി നിലനിര്‍ത്തി.

വിവാദങ്ങളെല്ലാം അവസാനം സുരേഷ്‌ഗോപിക്ക് അനുകൂലമായതായും ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന്‌ നല്ലൊരു ശതമാനം വോട്ട് കിട്ടിയതും കേരളം കണ്ടു. എതിർപ്രചാരണങ്ങളെ നേരിട്ടുകൊണ്ടുള്ള രീതിയും ഗുണം ചെയ്തു. എസ്എൻഡിപി, കെപിഎംഎസ്, ധീവരസഭ, എൻഎസ്എസ് എന്നീ സാമുദായിക സംഘടനകളുടെ സഹായം താരത്തിന് അകമഴിഞ്ഞ് ലഭിച്ചു. ഇതൊക്കെയാണ് വിജയത്തിന്റെ വഴിയായി ബിജെപി വിലയിരുത്തുന്നത്. എല്ലാത്തിനുമൊടുവില്‍ ബിജെപിയുടെ സീറ്റ് ക്ഷാമത്തിനറുതി വരുത്തി സുരേഷ്ഗോപി രാജ്യത്തിന്റെ മന്ത്രിയാവുകയാണ്…

Leave a comment

Your email address will not be published. Required fields are marked *