#INDIA TALK

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മുയ്സു ഉൾപ്പെടെ വിവിധ വിദേശനേതാക്കൾ പങ്കെടുക്കും.

ഡൽഹി : രാഷ്ട്രപതി ഭവനില്‍ നാളെ നടക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്‌റെ സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാന അതിഥികള്‍ വിദേശ നേതാക്കളാണ്. ‘അയല്‍പക്കം ആദ്യം’ എന്ന നയത്തിന്‌റെ ഭാഗമായാണ് ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, മൗറിഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലെ നേതാക്കളെ ചടങ്ങിനായി ക്ഷണിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. ഇവര്‍ക്കൊപ്പം മാലദ്വീപ് പ്രസിഡന്‌റ് മുഹമ്മദ് മുയ്സു സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യ- മാലദ്വീപ് ഉഭയകക്ഷി ബന്ധത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ മുയ്സു തീരുമാനിച്ചാല്‍ വിദേശനേതാക്കളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് മുയ്സു ആയിരിക്കും. സത്യപ്രതിജ്ഞയ്ക്കു ശേഷം വിദേശനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

എന്നാല്‍ മുയ്സു പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാലദ്വീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടാപ്പം മുയ്സു ചടങ്ങിനായി ശനിയാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്ന് സഹോദരസ്ഥാപനമായ ദിവേഹി മിഹാരു ന്യൂസിനെ ഉദ്ധരിച്ച് എഡിഷന്‍ ഡോട്ട് എംവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിനെത്താനുള്ള മുയ്സു എത്താനുള്ള സാധ്യത ഏറെയാണ്. തിരഞ്ഞെടുപ്പ്ഫലം വന്ന് അടുത്ത ദിവസം മുയ്സു മോദിയെ അഭിനന്ദിക്കുകയും ഉഭകക്ഷിബന്ധം മെച്ചപ്പെടുത്തതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ‘2024-ലെ ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും അഭിനന്ദനങ്ങള്‍. ഇരു രാജ്യങ്ങളും പങ്കിട്ട അഭിവൃദ്ധിയും സ്ഥിരതയും തുടരുന്നതിനായി പങ്കുവച്ച താല്‍പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-‘ മുയ്സു എക്‌സില്‍ കുറിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്‌റ് റെനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ട എന്നിവര്‍ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മുയ്സു സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യയില്‍ എത്തുകയാണെങ്കില്‍ 2014 മെയില്‍ മോദിയുടെ ആദ്യ സത്യപ്രതിജ്ഞാചടങ്ങിന് എത്തിയ തന്‌റെ ഉപദേഷ്ടാവും മുന്‍ഗാമികളിലൊരാളുമായ അബ്ദുല്ല യമിന്‌റെ അനുഗാമിയാകും. എന്നാല്‍ രണ്ടാം മേദി സര്‍ക്കാരിന്‌റെ 2019-ലെ സത്യപ്രതിജ്ഞാചടങ്ങിന് ബിംസ്റ്റെക് രാജ്യങ്ങളെ ക്ഷണിച്ചതിനാല്‍ മാലിദ്വീപിനെ ക്ഷണിച്ചിരുന്നില്ല.

ചൈന അനുകൂലിയായി കരുതുന്ന മുയ്സു 2023 നവംബറില്‍ അധികാരത്തിലെത്തിയ ഉടന്‍ ദ്വീപ് രാജ്യത്ത്‌നിന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മാലദ്വീപിലുള്ള 80ഓളം സൈനികരെ മാര്‍ച്ച് 10നും മെയ് 10നും ഇടയിലായി പിന്‍വലിക്കുമെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇതനുസരിച്ച് മെയ് 10ന് മുഴുന്‍ സൈനികരെയും ഇന്ത്യ പിന്‍വലിച്ചിരുന്നു. മേയ് 10നു ശേഷം മാലദ്വീപിൽ പട്ടാളവേഷത്തിലോ അല്ലാതെയോ ഒരു ഇന്ത്യന്‍ സൈനികനുമുണ്ടാകില്ലെന്നായിരുന്നു മുയ്‌സുവിന്റെ പ്രഖ്യാപനം.

മുയ്സു അധികാരത്തില്‍ വന്നശേഷമുള്ള ആദ്യ ഉന്നതതല സന്ദര്‍ശനത്തിനായി മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീര്‍ മെയ് ഒന്‍പതിന് ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം, പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങള്‍ ന്നിവയില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.

ഒരു ഉഭയകക്ഷി സംവിധാനത്തിന് കീഴില്‍ 2024-25-ല്‍ മാലദ്വീപിലേക്ക് മുട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, പഞ്ചസാര, അരി, ഗോതമ്പ് മാവ്, പയര്‍ വര്‍ഗങ്ങള്‍, കായല്‍ മണല്‍, കല്ല് എന്നിവയുടെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി ക്വാട്ടയ്ക്ക് ഏപ്രിലില്‍ ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു.

നെയ്ബര്‍ഹുഡ് ഫസ്റ്റ് നയത്തിന്‌റെ ഭാഗമായി മാലദ്വീപിന് പുറമേ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, മൗറിഷ്യസ്, സീഷെല്‍സ് രാജ്യങ്ങളിലെ നേതാക്കളുടെ സാന്നിധ്യം സത്യപ്രതിജ്ഞാചടങ്ങിന് ഉണ്ടാകുമെന്നാണ് ഔദ്യോഗിക വക്താക്കള്‍ പറയുന്നത്. ഈ രാജ്യങ്ങളിലെ നേതാക്കളുമായി ഇടപഴകുന്നതിന്‌റെ ഭാഗമായാണ് അയല്‍രാജ്യങ്ങളിലെ നേതാക്കള്‍ക്കുള്ള ക്ഷണം. 2014-ല്‍ സാര്‍ക് രാജ്യങ്ങളിലെ നേതാക്കളെയും 2019-ല്‍ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെയുമാണ് ക്ഷണിച്ചിരുന്നത്. സാര്‍ക് ഗ്രൂപ്പിന്‌റെ ബാഗമായി 2014-ല്‍ പാകിസ്താനെ ക്ഷണിച്ചിരുന്നെങ്കിലും ബന്ധം വഷളായതിനാല്‍ 2019-ല്‍ ഒഴിവാക്കുകയും പകരം ബിംസ്റ്റെക് ഗ്രൂപ്പിനെ ക്ഷണിക്കുകയുമായിരുന്നു.

 

 

 

 

Leave a comment

Your email address will not be published. Required fields are marked *