#INDIA TALK

സത്യപ്രതിജ്ഞ ചെയ്ത് അധികാരം നേടി നരേന്ദ്ര മോദി, അധികാരമേല്‍ക്കുന്നത് 72 അംഗ മന്ത്രിസഭ

ഡൽഹി : ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ മുന്നാം ഊഴത്തിന് തുടക്കമിട്ട് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവ നാമത്തിലായിരുന്നു സത്യ പ്രതിജ്ഞ. പത്ത് വര്‍ഷത്തിന് ശേഷം രാജ്യത്ത് അധികാരമേല്‍ക്കുന്ന മുന്നണി സര്‍ക്കാര്‍ എന്ന പ്രത്യേകതയും മുന്നാം മോദി സര്‍ക്കാരിനുണ്ട്. ജവഹര്‍ലാല്‍ തുടര്‍ച്ചയായി മൂന്നാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയാണ് മോദി.

മോദിക്ക് പിന്നാലെ, രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ പി നന്ദ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 72 അംഗ മന്ത്രിസഭയാണ് മൂന്നാം മോദി സര്‍ക്കാരില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടക കക്ഷികള്‍ക്ക് 12 മന്ത്രി സ്ഥാനവും ക്യാബിനറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയ വിദേശ നേതാക്കള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട എട്ടായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ട്രാന്‍സ് ജന്‍ഡര്‍ പ്രതിനിധികള്‍, ശുചീകരണ തൊഴിലാളികള്‍, ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, വിവിധ മേഖലതളില്‍ മികവ് തെളിയിച്ച വ്യക്തികള്‍, വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിവരും പ്രത്യേക അതിഥികളായി സദസില്‍ സന്നിഹിതരായിരുന്നു.

പ്രതിപക്ഷത്തുനിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ ചടങ്ങില്‍ പങ്കാളിയായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഖാര്‍ഗെയുടെ പങ്കാളിത്തം. അതേസമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

രണ്ടാം മോദി സര്‍ക്കാരിന്റെ ഭാഗമായിരുന്ന അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, നിത്യാനന്ദ് റായ്, ജ്യോതിരാദിത്യ സിന്ധ്യ, എസ് ജയശങ്കര്‍, അശ്വിനി വൈഷ്ണവ്, ഡോ ജിതേന്ദ്ര സിംഗ് എന്നിവര്‍ പുതിയ മന്ത്രിസഭയിലും ഇടം പിടിച്ചു.

ഘടക കക്ഷികളില്‍ നിന്നും ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ജെഡിയു നേതാവ് രാം നാഥ് ഠാക്കൂര്‍, ടിഡിപിയില്‍ നിന്നും കിഞ്ചാരപു റാം മോഹന്‍ നായിഡു, ഡോ. ചന്ദ്ര ശേഖര്‍ പെമ്മസാനി, എ ല്‍ ജെപി നേതാവ് ചിരാഗ് പാസ്വാന്‍, ആര്‍ എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എന്‍ഡിഎയുടെ ഭാഗമായ എന്‍സിപി അജിത്ത് പവാര്‍ വിഭാഗത്തിന് മന്ത്രി സ്ഥാനം നല്‍കിയിട്ടില്ല. ഒരു എംപി മാത്രമാണ് എന്‍സിപിക്കുള്ളത്.

കേരളത്തില്‍ നിന്ന് നിയുക്ത തൃശൂര്‍ എംപി സുരേഷ് ഗോപി, ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗവും ബിജെപി നേതാവുമായ ജോര്‍ജ് കുര്യന്‍ എന്നിവരും ഇത്തവണത്തെ കേന്ദ്ര മന്ത്രി സഭയില്‍ ഇടം നേടി. തമിഴ്‌നാട്ടില്‍ നിന്നും എല്‍ മുരുഗന്‍ ഇത്തവണയും മന്ത്രി സഭയിലുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് എല്‍ മുരുകന്‍.

 

Leave a comment

Your email address will not be published. Required fields are marked *