#INDIA TALK

രാഷ്ട്രീയം ജീവിതം അവസാനിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍, ബിജെപി പ്രവര്‍ത്തകനായി തുടരും

തിരുവനന്തപുരം: പതിനെട്ടുവര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാഷ്ട്രീയ ജീവിതം മതിയാക്കുന്നുവെന്ന്‌ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരിക്കുന്നത്.

”രണ്ടാം മോദി സര്‍ക്കാരില്‍ മൂന്നുവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സേവനം നടത്താന്‍ സാധിച്ചത് ഉള്‍പ്പെടെയുള്ള എന്റെ പതിനെട്ട് വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. തോറ്റുപോയ സ്ഥാനാര്‍ഥിയായി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, അങ്ങനെയാണ് സംഭവിച്ചത്. ഞാന്‍ കണ്ടുമുട്ടിയ എല്ലാവര്‍ക്കും, പ്രത്യേകിച്ച് എനിക്ക് ഊര്‍ജം നല്‍കിയ എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി പറയുകയാണ്. ബിജെപി പ്രവര്‍ത്തകനായി തുടരും”, രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

ഇതിന് പിന്നാലെ, പൊതുപ്രവര്‍ത്തനമല്ല എംപി, മന്ത്രി സ്ഥാനങ്ങളിലെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത് എന്ന് വ്യക്തമാക്കി മറ്റൊരു കുറിപ്പും രാജീവ് എക്‌സില്‍ പങ്കുവച്ചു. പിന്നാലെ രണ്ട് പോസ്റ്റുകളും അദ്ദേഹം പിന്‍വലിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് പതിനയ്യായിരം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടത്‌. തോറ്റെങ്കിലും രാജീവ് ചന്ദ്രശേഖറിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, സുരേഷ് ഗോപിയേയും ജോര്‍ജ് കുര്യനേയുമാണ് ബിജെപി കേന്ദ്രനേത്വം മന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്.

രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പില്‍ പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തി. പൊതുപ്രവര്‍ത്തനം നടത്താനുള്ള വഴികളില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഒന്നുമാത്രമാണെന്നും ഭാവി ജീവിതത്തിന് ആശംസകളെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. ”നിങ്ങളുടെ ഭരണകാലത്ത് നിങ്ങളുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഒരാളെന്ന നിലയില്‍, പൊതുസേവനത്തിലൂടെ നിങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന് ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഒരുപാത മാത്രമാണ്. ഭാവിയിലേക്ക് എല്ലാ ആശംസകളും”, തരൂര്‍ എക്‌സില്‍ കുറിച്ചു.

Leave a comment

Your email address will not be published. Required fields are marked *