#INDIA TALK

ബിജെപിയുടെ പുതിയ അധ്യക്ഷനാര്? സാധ്യതപ്പട്ടികയിൽ മുന്‍പന്തിയില്‍ ഇവര്‍

ഡൽഹി : മൂന്നാം മോദി മന്ത്രിസഭയില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും അംഗമായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പുതിയ അധ്യക്ഷനെ ചൊല്ലിയുള്ള ചര്‍ച്ചകൾ സജീവം. 2023 ജനുവരി വരെയായിരുന്നു നദ്ദയുടെ കാലാവധിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 2024 ജൂണ്‍വരെ നീട്ടുകയായിരുന്നു.

ഈ മാസം തന്നെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. സി ആര്‍ പാട്ടീല്‍, ശിവ്‌രാജ്‌സിങ് ചൗഹാന്‍, ഭൂപേന്ദര്‍ യാദവ് തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം മോദി മന്ത്രിസഭയിൽ അംഗമായതോടെ പുതിയ അധ്യക്ഷന്‍ ആരെന്നതില്‍ പല പുതിയ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.

1. സുനില്‍ ബന്‍സല്‍

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ സുനില്‍ ബന്‍സല്‍ പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനാണ്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയത്തിന്റെ ശില്‍പ്പിയായാണ് പാര്‍ട്ടി കണക്കാക്കുന്നത്. 2014ല്‍ അമിത് ഷായ്‌ക്കൊപ്പം യുപിയുടെ സഹ ചുമതലയും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും പ്രധാന ചുമതലയും വഹിച്ചു. യുപി വിജയത്തിനുശേഷം ഒഡിഷയിലും തെലങ്കാനയിലും ബിജെപിയെ വളര്‍ത്താനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു.

മുന്‍ ആര്‍എസ്എസ് പ്രചാരകനും രാജസ്ഥാന്‍ സ്വദേശിയുമായ ബന്‍സാല്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ളയാളാണ്. ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

2. വിനോദ് താവ്‌ഡെ

ബന്‍സലിനെപ്പോലെ, വിനോദ് താവ്ഡെയും ദേശീയ ജനറല്‍ സെക്രട്ടറിയാണ്. ദേശീയ സെക്രട്ടറി എന്ന നിലയില്‍ മികച്ച പ്രകടനത്തിനുശേഷം പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം ലഭിച്ച നേതാവാണ്. 2022ല്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രചാരണത്തിന്റെ കോര്‍ഡിനേറ്ററായിരുന്നു.

എബിവിപി പശ്ചാത്തലത്തില്‍നിന്നുള്ള താവ്‌ഡെ മഹാരാഷ്ട്രയില്‍ മന്ത്രിയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പടിപടിയായി ഉയര്‍ന്നുവന്ന മൃദുഭാഷിയായ നേതാവാണ് താവ്ഡെ. മറാത്ത സമുദായത്തില്‍നിന്നുള്ള താവ്ഡെയെ ബിജെപി അധ്യക്ഷനാക്കുന്നത് മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി.

3. ഓം ബിര്‍ല

സ്ഥാനമൊഴിയുന്ന സ്പീക്കര്‍ ഓം ബിര്‍ല ശക്തമായ ആര്‍എസ്എസ് പിന്തുണയുള്ള നേതാവാണ്. കോട്ട മണ്ഡലത്തില്‍നിന്ന് കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇത്തവണ ബിര്‍ല തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍എസ്എസിനെ കൂടാതെ, നരേന്ദ്ര മോദിയുടേയും അമിത് ഷായുടെയും വിശ്വസ്തന്‍ കൂടിയാണ് ബിര്‍ല.

4. ഓം മാത്തുര്‍

രാജസ്ഥാനില്‍നിന്നുള്ള മുതിര്‍ന്ന നേതാവായ ഓം പ്രകാശ് മാത്തൂര്‍ ആര്‍എസ്എസിന്റെ പ്രചാരകനും സംഘടനാ പ്രവര്‍ത്തനത്തില്‍ പരിചയമുള്ള നേതാവുമാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. 2023ലെ ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി അപ്രതീക്ഷിത വിജയം നേടിയതിനു പിന്നിലെ തന്ത്രജ്ഞന് കൂടിയാണ് മാത്തൂര്‍.

5. അനുരാഗ് ഠാക്കൂര്‍

മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടവരില്‍ ഒരാളാണ്. മുന്‍ മോദി സര്‍ക്കാരില്‍ കായിക, ഇന്‍ഫര്‍മേഷന്‍, ബ്രോഡ്‌കാസ്റ്റിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഠാക്കൂര്‍ അഞ്ചാം തവണയും ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ സീറ്റില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായ ഠാക്കൂറും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന നേതാവാണ്. ഹിമാചലില്‍നിന്നുള്ള ജെ പി നദ്ദക്കു പകരം വീണ്ടും ഹിമാചലില്‍നിന്നുള്ള ഒരു നേതാവ് ദേശീയ അധ്യക്ഷ പദത്തിലേക്ക് എത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

6. ബി എല്‍ സന്തോഷ്

ബി എല്‍ സന്തോഷ് നിലവില്‍ ബിജെപി സംഘടന ജനറല്‍ സെക്രട്ടറിയാണ്. ആര്‍എസ്എസ് പ്രചാരകന്‍ കൂടിയായ അദ്ദേഹം പാര്‍ട്ടിയുടെ ശക്തി കേന്ദ്രവുമാണ്. ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ അച്ചുതണ്ട് കൂടിയാണ് സന്തോഷ്. എന്നാല്‍, 2023 തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം സന്തോഷിനാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്. കൂടാതെ, ബന്‍സാല്‍, താവ്ഡെ, ഓം മാത്തൂര്‍ എന്നിവരില്‍ നിന്ന് വ്യത്യസ്തമായി, ബി എല്‍ സന്തോഷ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്.

 

 

Leave a comment

Your email address will not be published. Required fields are marked *