#INDIA TALK

രാജ്യസഭയിലേക്ക് കേരളത്തില്‍നിന്ന് മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥിയായി അഡ്വ. ഹാരിസ് ബീരാന്‍

ഡൽഹി : കേരളത്തില്‍നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയാകും. ഡല്‍ഹി കെഎംസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരുന്ന ഹാരിസ് ബീരാന്‍ ലീഗ് നേതാവും, അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായിരുന്ന വികെ ബീരാന്റെ മകനാണ്. മുസ്ലിംലീഗ് ഉന്നതാധികാര സമിതിയാണ് രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. ഹാരിസ് ബീരാന്‍ ഇന്ന് മൂന്ന് മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

മഹാരാജാസ് കോളേജ് എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഹാരിസ് ബീരാന്‍ സിഎഎയെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് സുപ്രീം കോടതിയില്‍ നടത്തുന്ന നിയമ നടപടികള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. ആലുവ സ്വദേശിയായ അദ്ദേഹം തെക്കന്‍ കേരളത്തില്‍നിന്ന് ലീഗ് അക്കൗണ്ടില്‍ രാജ്യസഭയിലേക്ക് എത്തുന്ന ആദ്യവ്യക്തികൂടിയാകും.

മൂന്ന് സീറ്റുകളാണ് കേരളത്തില്‍ ഒഴിവ് വരുന്നത്. ഇതില്‍ യുഡിഎഫിന് ലഭിക്കുന്ന സീറ്റിലാണ് ലീഗ് പ്രതിനിധിക്ക് അവസരം നല്‍കുന്നത്. നേരത്തെ രണ്ട് ടേമുകളിലായി വ്യവസായി പി വി അബ്ദുള്‍ വഹാബ് ആയിരുന്നു മുസ്ലിം ലീഗിനെ രാജ്യസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.

അതേസമയം, യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം മറികടന്നാണ് ഹാരിസ് ബീരാന്റെ പേര് മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്. ഹാരിസ് ബീരാന്‍ പുതുമുഖവും യുവാക്കളുടെ പ്രതിനിധിയുമാണെന്നായിരുന്നു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഭാവിയില്‍ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹാരിസ് ബീരാന്റെ പേര് ഒറ്റക്കെട്ടായാണ് പാര്‍ട്ടി തീരുമാനിച്ചത് എന്നും ലീഗ് നേതാക്കള്‍ വിശദീകരിച്ചു.

2011 മുതല്‍ ഡല്‍ഹി കെഎംസിസി യുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കണ്‍വീന്‍. മുസ്ലിംലീഗ് ഭരണഘടനാ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ് ഹാരിസ് ബീരാന്‍. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ഡല്‍ഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നതും ഹാരിസ് ബീരാനാണ്. ഡല്‍ഹി കേന്ദ്രീകരിച്ചു മുസ്ലിം ലീഗിന്റെ കാര്യങ്ങളും ഏകോപിപ്പിക്കുന്നതിലും ഹാരിസ് ബീരാന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. പുതുതായി ഡല്‍ഹിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നതും ഹാരിസ് ബീരാനാണ്.

പൗരത്വ നിയമം, പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ഹാദിയ കേസ്, അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയവയും ഏകോപിപ്പിച്ചിരുന്നത് ഹാരിസ് ബീരാനാണ്. യുപിഎ സര്‍ക്കാര്‍ സമയത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.

കളമശ്ശേരി രാജഗിരി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും, എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ. ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലെ മുന്‍ പ്രൊഫസര്‍ ടി.കെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്‍, അര്‍മാന്‍

Leave a comment

Your email address will not be published. Required fields are marked *