#INDIA TALK

ഗാസയിൽ വെടിനിർത്തൽ: പ്രമേയം പാസാക്കി യു എൻ, സമാധാന കരാർ അംഗീകരിക്കണമെന്ന് ആവശ്യം

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക് പകരം വെടിനിർത്തൽ നിർദേശിക്കുന്ന കരാറിൽ മൂന്നുഘട്ടങ്ങളാണുള്ളത്. പ്രമേയം സ്വാഗതം ചെയ്യുന്നതായി ഹമാസ് പ്രതികരിച്ചെങ്കിലും ഗാസ നേതൃത്വം വെടിനിർത്തൽ കരാർ അംഗീകരിക്കുമോ എന്നത് വ്യക്തമല്ല.

ഇസ്രയേൽ സർക്കാരിന്റെ ഭാഗത്തുനിന്നും കരാർ സംബന്ധിച്ച തീരുമാനങ്ങളിൽ അവ്യക്തത തുടരുകയാണ്. അമേരിക്ക മുന്നോട്ടുവച്ച സമാധാനകരാർ ഔദ്യോഗികമായി അംഗീകരിച്ചെങ്കിലും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതിൽനിന്ന് അകലം പാലിക്കുന്നുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ ഘടകകഷികളും വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതേസമയം, കാലതാമസമില്ലാതെയും നിബന്ധനകളില്ലാതെയും കരാറിലെ നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെടുന്നത്.

തിങ്കളാഴ്ച യുഎൻ കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ 14 അംഗരാജ്യങ്ങളാണ് വോട്ടുചെയ്തത്. റഷ്യ മാത്രമാണ് അമേരിക്ക തയാറാക്കിയ കരാർ അംഗീകരിക്കുന്ന പ്രമേയത്തിൽനിന്ന് വിട്ടുനിന്നത്. ആരും എതിരായി വോട്ട് ചെയ്തിരുന്നില്ല. വെടിനിർത്തൽ പ്രഖ്യാപിച്ച് ആദ്യ ആറാഴ്ചയ്ക്കുള്ളിൽ ഇസ്രയേൽ പിടികൂടിയ പലസ്തീനി തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളാക്കിയിരിക്കുന്ന പ്രായമായവരോ രോഗികളോ സ്ത്രീകളോ ആക്കിയവരെ വിട്ടയക്കാമെന്നാണ് കരാർ.

മേഖലയിൽ ശാശ്വതമായൊരു സമാധാനാന്തരീക്ഷം കൊണ്ടുവരികയാണ് കരാർ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ മുഴുവൻ ബന്ധികളെയും മോചിപ്പിക്കുകയും അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവരുമായി ഇസ്രയേലും ഹമാസും ചർച്ച നടത്തുകയും ചെയ്യും. മൂന്നാം ഘട്ടമാകുന്നതോടെ ഗാസയിൽ പുനർനിർമാണ ശ്രമങ്ങൾ ആരംഭിക്കുമെന്നും കരാറിൽ പറയുന്നു.

2024 മെയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് സമാധാനകരാർ മുന്നോട്ടുവച്ചത്. അതിനുപിന്നാലെ കരാറിന് യു എന്നിന്റെ അംഗീകാരവും അമേരിക്ക തേടിയിരുന്നു. കരാർ പ്രഖ്യാപിച്ചപ്പോൾ തന്നെ ഹമാസ് അനുകൂലമായിട്ടായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ വെടിനിർത്തൽ നിർദ്ദേശത്തോട് ഇതുവരെ ഔപചാരിക പ്രതികരണം നൽകിയിട്ടില്ല.

ഒക്‌ടോബർ ഏഴ് മുതൽ ഗാസയിലെ ഇസ്രയേൽ അധിനിവേശത്തിൽ കുറഞ്ഞത് 37,124 പേർ കൊല്ലപ്പെടുകയും 84,712 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഹമാസിൻ്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.

Leave a comment

Your email address will not be published. Required fields are marked *