#Editors Talk #KERALA TALK

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ഷക സംഘടനകള്‍ മത്സരിക്കും

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദി തീരുമാനിച്ചു. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടത്-വലത് മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ് ലക്ഷ്യം. മാര്‍ച്ച് പത്തിന് നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.

സംസ്ഥാനത്തൊട്ടാകെ വന്യമൃഗ ആക്രമണങ്ങളിലും പട്ടയ-ഭൂപ്രശ്‌നങ്ങളിലും സമര രംഗത്തുള്ള അറുപതിലധികം സംഘടനകളുണ്ട്. ഇവര്‍ ഒറ്റക്കെട്ടായി തരെഞ്ഞെടുപ്പില്‍ രംഗത്തിറങ്ങാനാണ് ആലോചന. മനുഷ്യ-വന്യമൃഗ സംഘര്‍ഷം രൂക്ഷമായ മണ്ഡലങ്ങളാണ് മത്സരത്തിനായി തെരഞ്ഞെടുത്തരിക്കുന്നത്. 1964 ലെ ഭൂപതിവ് ഭേദഗതി നിയമത്തിലെ കര്‍ഷക ദ്രോഹ നയങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാത്തതും, വന വിസ്തൃതി കൂട്ടുന്നതിന് കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തുന്നതും ഇതിന് കാരണമായിട്ടുണ്ട്. ഇടത് വലത് മുന്നണികള്‍ക്കെതിരായാണ് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നീക്കം. എങ്കിലും കടുത്ത വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനെതിരെയാണ്.

സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കടുത്ത മത്സരത്തിന് കളമൊരുങ്ങുന്ന ഇടുക്കിയിലും വയനാട്ടിലും കര്‍ഷക സംഘടന സ്ഥാനാര്‍ത്ഥികള്‍ കൂടി രംഗത്തെത്തിയാല്‍ മുന്നണികള്‍ക്ക് വലിയ തലവേദനയാകും. ഇതിന് തടയിടാനുള്ള ശ്രമങ്ങളും അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *