#KERALA TALK

സിദ്ധാര്‍ത്ഥിന്റെ കൊല: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ആര്‍ഷോ

 

പൂക്കോട് വെറ്ററിനറി കോളേജില്‍ സഹപാഠികളുടെ ആള്‍ക്കൂട്ടവിചാരണയ്ക്കിരയായ വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. തെറ്റ് ചെയ്ത പ്രവര്‍ത്തകരെ പുറത്താക്കിയെന്നും ആര്‍ഷോ മാധ്യങ്ങളോട് പറഞ്ഞു.

ഒരു കാരണവശാലും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. കേസില്‍ സമഗ്രമായ അന്വേഷണം നടക്കണം. പ്രതികള്‍ക്കെതിരെ മാതൃകാപരപമായ അന്വേഷണം നടക്കണം. ആന്റി റാഗിങ് സെല്‍ റിപ്പോര്‍ട്ടില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരുണ്ട്. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. സംഘടനയെ മുഴുവനായി കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. വിദ്യാര്‍ഥി സംഘടന ആസൂത്രണം ചെയ്തതല്ലെന്നും ആര്‍ഷോ പറഞ്ഞു.

ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.

16ന് രാത്രി ഹോസ്റ്റലിലുംനടുമുറ്റത്തുവെച്ചും സിദ്ധാര്‍ഥനെ മൂന്നുമണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിച്ചെന്നാണ് പോലീസ് പറയുന്നത്. വയറിന് ചവിട്ടുകയും നെഞ്ചില്‍ ഇടിക്കുകയും ബെല്‍റ്റുകൊണ്ട് മര്‍ദിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ഥനെ കൈകാര്യംചെയ്യണമെന്ന ലക്ഷ്യത്തോടെതന്നെയാണ് പ്രതികള്‍ വിളിച്ചുവരുത്തിയത്. അറസ്റ്റിലായ രഹാനാണ് വിളിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *