#KERALA TALK

അഭിമന്യു വധക്കേസ്: സുപ്രധാന രേഖകള്‍ കാണാനില്ല

എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാന രേഖകള്‍ കാണാനില്ല. എറണാകുളം സെന്‍ട്രല്‍ പോലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയില്‍ നിന്ന് നഷ്ടമായത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതായ സംഭവം പുറത്തറിയുന്നത്.

രേഖകള്‍ കാണാതായത് സംബന്ധിച്ച് സെഷന്‍സ് കോടതി ജഡ്ജി തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുറ്റപത്രവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്. അന്വേഷണത്തിന് ഉത്തരവിടാതെ വിവരം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തത്.

അഭിമന്യു വധക്കേസില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനും പോലീസിനും ആത്മാര്‍ത്ഥ ഇല്ലെന്ന ആക്ഷേപം സജീവമാണ്. മുഖ്യപ്രതിയെ പിടികൂടാന്‍ ഉള്‍പ്പെടെ വൈകിയിരുന്നു. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. കോടതിയിലും കേസ് വിചാരണ തുടങ്ങാതെ ഏറെക്കാലമായി കെട്ടികിടക്കുകയായിരുന്നു.

അഭിമന്യുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നതാണെന്ന് എസ്എഫ്ഐ പറഞ്ഞു. കുറ്റപത്രം ഉള്‍പ്പെടെ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടു എന്നാണ് മനസിലാകുന്നത്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *