#KERALA TALK

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കി ഗവര്‍ണര്‍

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സംസ്‌കൃത സര്‍വകലാശാലാ വി.സി. ഡോ. എം.വി. നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയത്. യുജിസി നിയമവും നിയമനം സംബന്ധിച്ച ചട്ടങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച കേസില്‍ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നതിന് കോടതി നിര്‍ദേശിച്ച ആറാഴ്ചസമയം വ്യാഴാഴ്ച കഴിയാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി. തീരുമാനം ഗവര്‍ണര്‍ കോതിയെ അറിയിക്കും.

സംസ്‌കൃത സര്‍വകലാശാലാ വി.സി. നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്നുപേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വി.സി. സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. ഈ വിധിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ സമിതിയില്‍ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് വി.സി. തിരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടിരുന്നു. രാജശ്രീയെ പുറത്താക്കിയതിനു പിന്നാലെ സമാന സാഹചര്യം നേരിടുന്ന 11 വി.സി.മാര്‍ക്ക് ഗവര്‍ണര്‍ പുറത്താക്കാതിരിക്കാന്‍ കാരണംചോദിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഫിഷറീസ് സര്‍വകലാശാലാ വി.സി.യായിരുന്ന ഡോ. റിജി ജോണും ഇതേ കാരണത്താല്‍ കോടതിവിധിയിലൂടെ പുറത്തായി. ഗവര്‍ണര്‍ നോട്ടീസ് നല്‍കിയ 11 പേരില്‍ നിലവില്‍ നാല് പേര്‍മാത്രമാണ് വി.സിമാരായി തുടരുന്നത്.

Leave a comment

Your email address will not be published. Required fields are marked *