#KERALA TALK

തരി ‘കനല്‍’ കെടുമോ ? ആശങ്കയില്‍ അണികള്‍

കേരളത്തിലെ ഏക സീറ്റിങ് സീറ്റായ ആലപ്പുഴയില്‍ ഇക്കുറി കാലിടറുമോ എന്ന ആശങ്ക ഇടതുപാളയത്തില്‍ അലയടിക്കുന്നതായി പാര്‍ട്ടി അണികള്‍ പറയുന്നു. കാരണം ഇത്തവണ കോണ്‍ഗ്രസ് അവരുടെ കരുത്തനെ തന്നെ ഇറക്കി കളിക്കുകയാണ്. മണ്ഡലത്തില്‍ കെ.സി വേണുഗോപാലിന് വലിയ സ്വാധീനമുണ്ട്. 1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി ആലപ്പുഴയില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വേണുഗോപാല്‍ ജന്മം കൊണ്ട് കണ്ണൂര്‍കാരന്‍ ആണെങ്കിലും കര്‍മം കൊണ്ട് ആലപ്പുഴക്കാരന്‍ ആണ്. മണ്ഡലത്തിലെ എല്ലാ മേഖലകളിലും വലിയ ഇഴയടുപ്പമാണ് വേണുഗോപാലിന് ഉള്ളത്. ഇതുകൊണ്ട് തന്നെ ആവേശത്തിലാണ് ആലപ്പുഴയിലെ യുഡിഎഫ് പാളയം.

2019 നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 ഉം കൈവിട്ടപ്പോള്‍ ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ചത് ആലപ്പുഴ മണ്ഡലം മാത്രമാണ്. അന്നത്തെ അരൂര്‍ എംഎല്‍എയായ എഎം ആരിഫ് ആണ് ഇടതുപക്ഷത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചത്. അന്ന് ഉയര്‍ത്തിയ പരിഹാസങ്ങള്‍ക്ക് കനല്‍ ഒരു തരി മതിയെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതിരോധം. ഇത്തവണയും ആരിഫിനെ സിപിഎം കളത്തിലിറക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

കെ.സി വേണുഗോപാല്‍ മത്സരത്തില്‍നിന്നു പിന്മാറിയതോടെയായിരുന്നു മണ്ഡലം വീണ്ടും ഇടതുപക്ഷത്തേക്ക് മറിഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയാണ് എ.എം ആരിഫ് വിജയിക്കൊടി പാറിച്ചത്. 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ആരിഫിന്റെ വിജയം. അരൂര്‍, ആലപ്പുഴ എന്നീ രണ്ടു മണ്ഡലങ്ങളാണ് എഎം ആരിഫിനു വലിയ ഭൂരിപക്ഷം നേടിക്കൊടുത്തത്.

എറണാകുളം – തുറവൂര്‍ പാത ഇരട്ടിപ്പിക്കലും റെയില്‍വേ ബോര്‍ഡ് അനുമതി തേടിക്കിടക്കുന്ന കായംകുളം – എറണാകുളം പാത ഇരട്ടിപ്പിക്കലും നേട്ടമായി കണ്ടുകൊണ്ടാണ് ആരിഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടാതെ, ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാക്കി, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു, ചേര്‍ത്തല പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്ക്, മികച്ച പാര്‍ലമെന്റേറിയന്‍ എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിച്ചാണ് ആരിഫിന്റെ പ്രചാരണം. നിലവില്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി എന്നതും നേട്ടമായാണ് ഇടതുപക്ഷം കാണുന്നത്.

എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് ക്യാംപില്‍. കെ.സി വേണുഗോപാല്‍ എത്തുന്നതോടുകൂടി ഇതിന് കൂടുതല്‍ സാധ്യത തെളിയുന്നു എന്നാണ് യുഡിഎഫ് അവകാശവാദം. വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ ആലപ്പുഴയില്‍ നടത്തിയ നിരവധി വികസന പ്രവര്‍ത്തനങ്ങളും ആലപ്പുഴയുടെ എം.പി അല്ലാതെ ഇരുന്നിട്ടുപോലും എം.പിയുടെ ഓഫീസ് പ്രവര്‍ത്തനസജ്ജമായിരുന്നതും എല്ലാം നേതൃത്വത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കൂടാതെ, ദേശീയപാത വിഷയത്തില്‍ അടക്കം മണ്ഡലത്തില്‍ നിരന്തരം വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടായതും ആശാവഹമായാണ് യുഡിഎഫ് കാണുന്നത്. കനല്‍ കെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് അണികളുടെ ഭാഷ്യം.

Leave a comment

Your email address will not be published. Required fields are marked *