#KERALA TALK

അരനൂറ്റാണ്ട് കാത്തിരിപ്പ്: തലശ്ശേരി മാഹി ബൈപ്പാസ് പ്രചരണ ആയുധമാകും

അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് വടക്കേ മലബാറിന്റെ ഗതാഗതമേഖലയില്‍ വിപ്ലവമാകുന്ന തലശേരി -മാഹി ബൈപ്പാസ് തുറക്കപ്പെടുന്നത്. കാലങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. 18 കിലോമീറ്റര്‍ പാതയില്‍ അവസാന മിനുക്ക് പണികളാണ് പുരോഗമിക്കുന്നത്. തലശ്ശേരി – മാഹി ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വടകരയില്‍ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണു ബൈപ്പാസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ഷന്‍ പ്രചരണത്തില്‍ കക്ഷികള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായിരിക്കും ഈ അതിവേഗ പാത. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കണ്ണൂരിലെ സ്ഥാനാര്‍ഥി സി രഘുനാഥും ബൈപ്പാസിലൂടെ റോഡ് ഷോ നടത്തുന്നതോടെ പ്രചരണം കത്തിക്കയറുമെന്ന് ഉറപ്പാണ്.

മാഹി, തലശേരി പട്ടണങ്ങളില്‍ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 20 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ക്ക് എത്തിച്ചേരാം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഇകെ.കെ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. 2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ രണ്ട് വര്‍ഷം നീണ്ടുപോയി. ബാലത്തില്‍ പാലം പ്രവൃത്തി നടക്കവെ 2020 ല്‍ ഇതിന്റെ ബീമുകള്‍ പുഴയില്‍ പതിച്ചതോടെയാണ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തത്. 900 മീറ്റര്‍ നീളമായിരുന്നു പാലത്തിന്റേത്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിനാല്‍ പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ദേശീയപാത വിഭാഗം പാലത്തിന്റെ നീളം വീണ്ടും 66 മീറ്റര്‍ കൂടി നീട്ടിയിരുന്നു.

പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങളും അഴിയൂര്‍ മുക്കാളിയിലെ റെയില്‍വേ മേല്‍പാലം, നാല് വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, ഒരു വെഹിക്കുലാര്‍ ഓവര്‍പാസ്, അഞ്ച് സ്‌മോള്‍ വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, എന്നിവയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസില്‍ ഉള്‍പ്പെടുന്നത്. 2020 മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചാണ് നിര്‍മാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂര്‍ ബാലത്തെ പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന പ്രശ്‌നങ്ങളും നിര്‍മാണത്തിന് തടസമാവുകയായിരുന്നു.

 

ടോള്‍ നിരക്കുകള്‍
തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. ബസുകള്‍ക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാന്‍ കരാര്‍. ആകെ 18.6 കിലോമീറ്റര്‍ ദൂരമുളള ബൈപ്പാസില്‍ കൊളശ്ശേരിക്കടുത്താണ് ടോള്‍ പ്ലാസ. കാര്‍, ജീപ്പ്, വാന്‍ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപ ടോള്‍ നല്‍കണം.

ഇരുവശത്തേക്കും യാത്രയുണ്ടെങ്കില്‍ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകള്‍ക്ക് 2195 രൂപ നല്‍കേണ്ടി വരും. ടോള്‍ പ്ലാസ കണ്ണൂര്‍ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റര്‍ ചെയ്ത ടാക്‌സി വാഹനങ്ങള്‍ക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകള്‍ക്കും ചെറു വാണിജ്യ വാഹനങ്ങള്‍ക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും.

ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. ദേശീയപാതയില്‍ നിലവില്‍ കല്യാശ്ശേരിയില്‍ ടോള്‍ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററില്‍ ഒരു ടോള്‍ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കില്‍ ദേശീയപാതാ നവീകരണം പൂര്‍ത്തിയായാല്‍ മാഹി ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കും.

 

Leave a comment

Your email address will not be published. Required fields are marked *