#KERALA TALK

കേരളത്തില്‍ ഒറ്റഘട്ടം, ഫലമറിയാന്‍ കാത്തിരിക്കണം 39 ദിവസം

 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന് പതിന്മടങ്ങ് ശക്തിയേകാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് കേരളം പോളിങ് ബൂത്തിലെത്തുക. ഒറ്റഘട്ടമായിട്ടാണ് കേരളത്തില്‍ വോട്ടെടുപ്പ്. തൊട്ടടുത്ത കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 2019ലും കേരളത്തില്‍ ഒറ്റഘട്ടമായിട്ടായിരുന്നു പോളിങ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഇനി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഏപ്രില്‍ 26ന് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന കേരളത്തില്‍ പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് 41 ദിവസം മുന്നിലുണ്ട്.

അതേസമയം, വോട്ടെണ്ണല്‍ നടക്കുക ജൂണ്‍ നാലിനാണ്. അതായത്, കേരളത്തില്‍ വോട്ട് രേഖപ്പെടുത്തി 39 ദിവസം കഴിഞ്ഞാലാകും ഫലം അറിയുക. ഫല പ്രഖ്യാപനം ജൂണിലേക്ക് കടക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതല്ല. ചെറിയ പെരുന്നാളും വിഷുവും കഴിഞ്ഞ ശേഷമാണ് കേരളത്തില്‍ വോട്ടിങ് എന്നത് ആശ്വാസകരമാണ്.

ഭരണവിരുദ്ധ വികാരമുണ്ട് എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മാത്രമല്ല, രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട് മല്‍സരിക്കുന്നത് ഗുണം ചെയ്യുമെന്നും അവര്‍ കരുതുന്നു. ഏറ്റവും ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സിഎഎ ചട്ടങ്ങള്‍ ഇറക്കിയതും കേരളത്തില്‍ പ്രധാന പ്രചാരണ ആയുധമാണ്. 2019ല്‍ നഷ്ടപ്പെട്ട ആലപ്പുഴ അടക്കം 20 സീറ്റും പിടിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

അതേസമയം, ഭരണവിരുദ്ധ വികാരമില്ല എന്ന് ഇടതുപക്ഷം പറയുന്നു. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ ഇടതുപക്ഷം കളത്തിലിറക്കി കഴിഞ്ഞു. കെകെ ശൈലജയും തോമസ് ഐസകും കെ രാധാകൃഷ്ണനും വിജയരാഘവനും പന്ന്യന്‍ രവീന്ദ്രനും സുനില്‍ കുമാറും ആനി രാജയുമടക്കമാണ് ഇടതു ക്യാമ്പില്‍ തയ്യാറായിട്ടുള്ളത്.

സിറ്റിങ് എംപിമാരെ മൊത്തമായി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച യുഡിഎഫ് ആകട്ടെ, കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റി ഏറ്റവും ഒടുവില്‍ പൂഴിക്കടകന്‍ പ്രയോഗിച്ചു. വടകരയില്‍ പകരമെത്തിയ ഷാഫി പറമ്പില്‍ ജയിച്ചാലും എതിരാളി കെകെ ശൈലജ ജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നതാണ് മറ്റൊരു കാര്യം.

ബിജെപി രണ്ടക്കം കടക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോഴെല്ലാം ആവര്‍ത്തിക്കുന്നത്. അക്കൗണ്ട് തുറന്നേ പറ്റൂ എന്ന നിര്‍ദേശം കേന്ദ്രത്തില്‍ നിന്ന് ബിജെപി സംസ്ഥാന ഘടകത്തിന് ലഭിച്ചുവെന്നാണ് വിവരം. തിരുവനന്തപുരത്ത് രണ്ട് കേന്ദ്രമന്ത്രിമാരെ സ്ഥാനാര്‍ഥിയാക്കിയത് രണ്ടും കല്‍പ്പിച്ചാണ്. എങ്കിലും ബിജെപി ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത് സുരേഷ് ഗോപി മല്‍സരിക്കുന്ന തൃശൂര്‍ തന്നെ.

 

Leave a comment

Your email address will not be published. Required fields are marked *