#KERALA TALK

ഗണേഷ്കുമാറിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധസമരവുമായി സിഐടിയു

ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധസമരവുമായി സിഐടിയു. ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾക്കെതിരെയാണ് സമരം. മൂന്നുഘട്ടമായി സമരം നടത്തുമെന്നും മൂന്നാം ഘട്ടത്തിൽ മന്ത്രിയെ വഴിയിൽ തടയുമെന്നും ഓൾ കേരള വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.കെ.ദിവാകരൻ പറഞ്ഞു. എൽഡിഎഫ് മന്ത്രിയാണെന്ന് ഗണേഷ് കുമാർ ഓർക്കണം, മന്ത്രിയെ നിയന്ത്രിക്കണം. തൊഴിലാളികൾ വിചാരിച്ചാൽ മന്ത്രിയെ നിയന്ത്രിക്കാൻ പറ്റുമെന്നും ദിവാകരൻ വെല്ലുവിളിച്ചു.

കെ.ബി. ഗണേഷ് കുമാർ എന്ന ഗതാഗതമന്ത്രി ശത്രുക്കളെപ്പോലെയാണ് തൊഴിലാളികളെയും ഡ്രൈവിങ് സ്കൂളുകളെയും കാണുന്നത്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. അതിലെ മന്ത്രിയാണ് ഗണേഷ് കുമാർ എന്ന കാര്യം ഇടയ്ക്ക് ഓർക്കണം. എന്തെല്ലാം കാര്യങ്ങളാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം ചെയ്തത്.

‘‘ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരം ഫെബ്രുവരി 21ന് ഇറങ്ങിയ സർക്കുലർ പിൻവലിക്കണം. ആ സർക്കുലർ നടപ്പാക്കിക്കഴിഞ്ഞാൽ പിന്നെ ഡ്രൈവിങ് സ്കൂളുകൾ അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. ഇവിടെയാരും മുതലാളിമാരല്ല. ഡ്രൈവിങ് സ്കൂളിന്റെ ഉടമകൾ തന്നെയാണ് തൊഴിലാളി. തൊഴിലാളി തന്നെയാണ് മുതലാളി. വേറെ വ്യത്യാസമില്ല. അവരെ വെല്ലുവിളിച്ചുകൊണ്ടാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്.

സർക്കുലറിന്റെ അനിവാര്യതയെക്കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ, ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്, ‘ഇതു തെറ്റാണെന്ന് അറിയാം, പക്ഷേ മന്ത്രി പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റുമോ’ എന്നാണ്. ഇങ്ങനെ മുന്നോട്ടു പോകുന്ന ഈ മന്ത്രിയെ നിയന്ത്രിക്കണം. അങ്ങനെ നിയന്ത്രിക്കാൻ ഈ തൊഴിലാളി സംഘടനകൾ വിചാരിച്ചാൽ കഴിയും. അതിനു മുന്നോടിയായിട്ടാണ് ഈ സമരം.

‘‘ഇത് ഒന്നാം ഘട്ട സമരമാണ്. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 3ന് ഗതാഗതമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. അങ്ങനെ സുഖിച്ച് വീട്ടിലിരിക്കേണ്ട. ഞങ്ങളുടെ ശബ്ദം എന്താണെന്ന് കേൾക്കണം. സെക്രട്ടേറിയറ്റിനു മുന്നിൽനിന്നു കേൾക്കുന്നില്ലെങ്കിൽ അതു നന്നായി കേൾപ്പിക്കാൻ വീട്ടിലേക്ക് മാർച്ച് നടത്തുകയാണ്. മൂന്നാം ഘട്ട സമരം, ഗതാഗത മന്ത്രിയാണെങ്കിലും അങ്ങനെ വലിയ ഗതാഗതം നടത്തേണ്ട. അദ്ദേഹം യാത്ര ചെയ്യുന്ന വാഹനം തടയാനാണ് തീരുമാനം.’’– ദിവാകരൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *