#KERALA TALK

‘ഇല്ലുമിനാട്ടി ക്രൈസ്തവ മതത്തിനെതിരായ പാട്ട്, വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയില്‍

കൊച്ചി : പ്രേമലു, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയില്‍. ആവേശം സിനിമയിലെ ‘ഇല്ലുമിനാട്ടി’ എന്ന ഗാനം ക്രൈസ്തവ മതത്തിനെതിരെയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. സഭ സംഘടിപ്പിച്ച കുട്ടികള്‍ക്കുള്ള പരിപാടിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

”സിനിമയില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലില്‍ കുട്ടികളുമില്ല, അവിടെ പഠിപ്പിക്കുന്ന അധ്യാപകരുമില്ല, ബാറിലാണ് മുഴുവന്‍ നേരവും. അക്രമവും അടിപിടിയുമാണ്. മതത്തിനെതിരെയും മറ്റെല്ലാത്തിനുമെതിരെ നില്‍ക്കുന്ന സംഘടനയാണ് ഇല്യൂമിനേറ്റി. ആ സന്ദേശമാണ് അതില്‍നിന്ന് കിട്ടുന്നത്. എന്നിട്ട് അത് നല്ല സിനിമയാണെന്ന് പറഞ്ഞ് എല്ലാവരും ഇടിച്ചുകയറുകയാണ്,” ആവേശം സിനിമയ്‌ക്കെതിരെ ബിഷപ്പ് പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്നതിന് പകരം മഞ്ഞുമ്മല്‍ ബ്രദേഴ്‌സ് എന്ന് പ്രയോഗിച്ച ബിഷപ്പിനെ കുട്ടികള്‍ തിരുത്തുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അവര്‍ സഹോദരങ്ങളാണെന്നും അതുകൊണ്ടാണ് താന്‍ അങ്ങനെ പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ”ഒരാള്‍ അപകടത്തില്‍പ്പോയപ്പോള്‍ പോലീസും ഫയര്‍സര്‍വീസും ഒന്നും ചെയ്യാതിരുന്നപ്പോഴും അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഇറങ്ങി വീണയാളെ രക്ഷിക്കാനായി ശ്രമിക്കുന്നത് നല്ല കാര്യം. എന്നാല്‍ അവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയ നേരം മുതല്‍ കുടിയും ഛര്‍ദ്ദിയും മാത്രമാണ്,” ബിഷപ്പ് ജോസഫ് കരിയില്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളോട് ഇഷ്ട സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം എന്നീ സിനിമകളാണ് ഇഷ്ടമെന്ന് കുട്ടികള്‍ മറുപടി നല്‍കുകയായിരുന്നു. പിന്നാലെയാണ് ഈ സിനിമകള്‍ നല്ലതാണെന്ന ധാരണ പിശകാണെന്ന് പറഞ്ഞു കൊണ്ട് വിമര്‍ശിച്ചത്.

നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ കഥാകൃത്ത് ജയമോഹനും നിശിതമായി വിമര്‍ശിച്ചിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് ജയമോഹന്‍ സിനിമയെയും കേരളത്തെയും കുറിച്ച് അദ്ദേഹം മോശമായ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.

അതേസമയം, ഈ വര്‍ഷം മലയാളം സിനിമയില്‍ നൂറ് കോടി ക്ലബ്ലില്‍ കയറിയ സിനിമകളാണ് ഇവ മൂന്നും. മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല, തമിഴ്, തെലുങ്ക് പ്രേക്ഷകരും വലിയ രീതിയില്‍ സ്വീകരിച്ച സിനിമ കൂടിയാണ് പ്രേമലുവും മഞ്ഞുമ്മലും ആവേശവും.

Leave a comment

Your email address will not be published. Required fields are marked *