#KERALA TALK

സാമ്പത്തിക തട്ടിപ്പിൽ സൗബിനെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: നടനും നിർമാതാവുമായ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി). മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡിയുടെ ചോദ്യം ചെയ്യൽ. നേരത്തെതന്നെ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ ഷോണ്‍ ആന്റണിയില്‍ നിന്ന് ഇ ഡി മൊഴിയെടുത്തിരുന്നു. സൗബിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇ ഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

കഴിഞ്ഞ ആഴ്ചയാണ് കേസിൽ ഇസിഐആർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് രജിസ്റ്റർ ചെയ്തത്. നേരത്തെ നിർമാതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല. നിർമാതാക്കൾ വഞ്ചിച്ചെന്ന് കാണിച്ച് ആലുവ സ്വദേശിയായ സിറാജ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇ ഡി കേസ് എടുത്തിരിക്കുന്നത്.

സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിർമാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നൽകിയ പരാതി. നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

എന്നാൽ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർഥമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യൻ ബോക്സ്ഓഫീസിൽ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുൾപ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള തലത്തിൽ 225 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *