#KERALA TALK

സിപിഎമ്മിനെതിരെ തുറന്നടിച്ച് സാദിഖലി തങ്ങൾ, മതങ്ങളുടെ വര്‍ണക്കടലാസിൽ പൊതിഞ്ഞ് കമ്യൂണിസത്തെ മാര്‍ക്കറ്റ് ചെയ്യുന്നുവെന്ന് തങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നതിലേക്ക് എത്തിച്ചത് സിപിഎം നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ കാരണമായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. സിപിഎം വിതയ്ക്കുന്നത് ബിജെപി കൊയ്യുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും സാദിഖലി ശിഹാബ് ങ്ങള്‍ ആരോപിച്ചു. മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിലായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.

ഇസ്ലാമോഫോബിയയാണ് പിണറായി പോലീസിന്റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിക്കുന്ന നിലയിലേക്കാണ് കേരളത്തില്‍ സിപിഎം മാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്ന് കുറ്റപ്പെടുത്തിയ മുസ്ലിം ലീഗ് അധ്യക്ഷന്‍ എം കെ രാഘവനെ കരീംക്കയായി അവതരിപ്പിച്ചതും ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിറാന്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മതനിരാസത്തില്‍ ഊട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് കേരളത്തില്‍ സിപിഎം മാര്‍ക്കറ്റ് ചെയ്യുന്നത് . ഇടതില്ലെങ്കില്‍ മുസ്ലീങ്ങള്‍ രണ്ടാംതരം പൗരന്മാര്‍ ആകും എന്ന് പറയുന്നതൊക്കെ തമാശയാണ്. അതൊക്കെ ശത്രുക്കളുടെ വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

പൊന്നാനിയില്‍ ഉള്‍പ്പെടെ സമസ്ത വിഷയം ഉയര്‍ത്തി സിപിഎം നടത്തിയ നീക്കങ്ങളെയും സാദിഖലി രൂക്ഷമായി പരിഹസിച്ചു. മുസ്ലിംലീഗിന്റെ വഴിത്താരയിലേക്ക് സമസ്തയുടെ പേരില്‍ മരചീള് ഇടാന്‍ സിപിഎം ശ്രമിച്ച. ഇതിന് വലിയ പ്രഹരമാണ് സിപിഎമ്മിന് ലഭിച്ചത്. മുസ്ലിംലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സിപിഎമ്മിന് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പില്‍ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനാണ് പൊന്നാനിയില്‍ സിപിഎം. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ അധിഷ്ഠിതമായ മതനിരാസ അടിത്തറയിലുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് സമസ്തയെ ശിഥിലമാക്കാന്‍ മോഹമുണ്ടാകും. സമുദായത്തിലെ സംഘടനകളുടെ പൊതുവായ പ്ലാറ്റ്‌ഫോമാണ് മുസ്ലിം ലീഗ് എന്നും സാദിഖലി ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *