#Featured #Keralam #News

ലീഗ്-സമസ്ത തർക്കം രൂക്ഷം: ഒത്തുതീർപ്പ് ശ്രമം തുടങ്ങി

കോഴിക്കോട് : മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാമിനെ തള്ളി ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പിനായി രംഗത്തിറങ്ങി.

തർക്കം സംബന്ധിച്ച് ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കൾക്ക് കർശന നിർദേശം നൽകി.പ്രസ്താവന നടത്തരുതെന്ന് സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തിൻ്റെ ഇടപെടൽ.

എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റിനെതിരെ സലാമിന്റെ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

അതിനിടെ എസ് കെ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ ഹമീദലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ അനുനയത്തിന് സലാമും ശ്രമം തുടങ്ങി. ഹമീദലി തങ്ങളെ സലാം ഫോണില്‍ വിളിച്ചു.

എസ് കെ എസ് എസ് എഫ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് തങ്ങളോട് സലാം വിശദീകരിച്ചു. വാര്‍ത്ത വളച്ചൊടിച്ചാണ് പ്രചരിക്കപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.

സലാമിന്‍റെ വിശദീകരണത്തില്‍ ഹമീദലി തങ്ങള്‍ തൃപ്തനല്ലെന്നാണ് സൂചന. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എസ് കെ എസ് എസ് എഫിന്‍റെ ഇപ്പോഴത്തെ അധ്യക്ഷനെ ആര്‍ക്കെങ്കിലും അറിയുമോയെന്ന സലാമിന്‍റെ പരാമര്‍ശമാണ് വിവാദമായത്.

പാണക്കാട് കുടുംബാംഗത്തിനെതിരെ നടത്തിയ പരാമര്‍ശം മുസ്ലിം ലീഗ് നേതാക്കളേയും ചൊടിപ്പിച്ചു. ഇതോടെയാണ് അനുനയ നീക്കവുമായി സലാം നേരിട്ടിറങ്ങിയത്.

 

Leave a comment

Your email address will not be published. Required fields are marked *