#Featured #Keralam #News

സിപിഎം ചൂണ്ടയിൽ കൊത്തിയില്ല ; റാലിക്ക് ലീഗില്ല

മലപ്പുറം: മൂസ്ലിം ലീഗിനെ ഇടതുമുന്നണിയോട് അടുപ്പിക്കാൻ സി.പി.എം നടത്തിയ നീക്കം പാളി.
സിപിഎം ക്ഷണിച്ചിട്ടും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന്
മുസ്ലീം ലീഗ് തീരുമാനിച്ചു.

ഓണ്‍ലൈന്‍ നേതൃയോഗത്തിലാണ് തീരുമാനമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പലസ്തീന്‍ വിഷയത്തില്‍ ലീഗിന് സ്ഥിരമായ നിലപാട് ഉണ്ട്. അവിടെ നടക്കുന്ന തീവ്രമായ മനുഷ്യാവകാശ ലംഘനം എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കടപ്പുറത്ത് നടന്ന റാലിക്കു ശേഷം ഇക്കാര്യം സുവ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

പലസ്തീന്‍ ജനതയുടെ ദുരിതം കണ്ട് ആ സാഹചര്യത്തിലാണ് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ അഭിപ്രായം പറഞ്ഞത്. പലസ്തീന്‍ വിഷയത്തില്‍ ആര് റാലി നടത്തിയാലും പിന്തുണ നല്‍കിയാലും സ്വാഗതം ചെയ്യണമെന്ന് പറഞ്ഞത്. ഇനിയും റാലി നടത്തണമെന്നാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

പലസ്തീന്‍ വിഷയത്തില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്ല നിലപാട് സ്വീകരിച്ചിരുന്നു. ചേരിചേരാനയം സ്വീകരിച്ച്‌ ലോക വിഷയങ്ങളില്‍ ഇടപെട്ടിരുന്നു. ഇപ്പോള്‍ ലോക രാജ്യങ്ങള്‍ ഇടപെടുന്നതില്‍ സന്തോഷമുണ്ട്.

സിപിഎം റാലിയിലേക്ക് ലീഗിന് ക്ഷണം വന്നിട്ടുണ്ട് അതില്‍ നന്ദിയുണ്ട്. റാലി നന്നായി നടക്കട്ടെ. റാലി വിജയിക്കണം. അതില്‍ രാഷ്ട്രീയം കാണേണ്ട. മതസംഘടനകള്‍ പങ്കെടുക്കുന്നുണ്ട. കൂടുതല്‍ സംഘടനകള്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ട്.

എന്നാല്‍ യുഡിഎഫിലെ ഘടകകക്ഷി എന്ന നിലയില്‍ സാങ്കേതിക കാരണങ്ങളാല്‍ അതില്‍ പങ്കെടുക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് ഒരു മുന്നണിയില്‍ നില്‍ക്കുമ്ബോള്‍ അതിന്റെ അന്തസത്തയ്ക്ക നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലല്ലോ?

സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നോ എന്ന ചോദ്യത്തിന് അതിന് മറുപടി പറയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദമാണോ പിന്മാറ്റത്തിന് പിന്നിലെന്ന ചോദ്യത്തോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല.

സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എംഎസ്‌എഫ് ഉജ്വലമായ വിജയം നേടിയിട്ടുണ്ട്. അവര്‍ക്ക് സ്വീകരണം നല്‍കാനാണ് ഇവിടെ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിളിച്ച എല്ലാ കല്യാണത്തിനും പോകാന്‍ പറ്റുമോ? അപ്പോള്‍ നന്ദി പറയും എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തില്‍ നിങ്ങള്‍ എന്തു ചോദിച്ചാലും അതിനു മറുപടി പറയാന്‍ കഴിയില്ല.

പാര്‍ട്ടി എന്തു തീരുമാനമെടുത്താലും സ്വാഗതം ചെയ്യുമെന്നും പാര്‍ട്ടി തീരുമാനത്തിന് താന്‍ വിധേയനാണെന്നും മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *