#Featured #Keralam #News

വീണ്ടും പറഞ്ഞത് വിഴുങ്ങി മന്ത്രി സജി ചെറിയാൻ

കൊച്ചി: സി പി എമ്മും ക്രൈസ്തവ സഭകളും തള്ളിപ്പറഞ്ഞപ്പോൾ പറഞ്ഞതു വിഴുങ്ങാൻ മന്ത്രി സജി ചെറിയാൻ നിർബന്ധിതനായി.

താൻ ആലപ്പുഴയിലെ പ്രസംഗത്തിൽ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ പിൻവലിക്കാൻ തയ്യാറാണ്. വീഞ്ഞിനെയും കേക്കിനേയും കുറിച്ചുള്ള പരാമർശം പാർട്ടി വേദിയിലായതുകൊണ്ടാണ് ആ തരത്തിൽ പറഞ്ഞത്. തികഞ്ഞ മതേതര വാദിയായ താൻ എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിനാൽ തന്നെ ആ പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറാണെന്നും എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി

എന്നാൽ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ തന്റെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പറഞ്ഞത് തന്റെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടാണ്. മണിപ്പൂരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് നേരിട്ട് പരാതി അറിയിക്കാൻ ലഭിച്ച അവസരത്തിൽ അത് വിനിയോഗിക്കാതിരുന്ന നിലപാടിനെയാണ് താൻ വിമർശിച്ചത്. മതമേലദ്ധ്യക്ഷൻമാരെ ആരേയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എല്ലാവരോടും സഹകരിച്ചുപോന്ന ആളാണ് താനെന്നും മന്ത്രി വ്യക്തമാക്കി.

മണിപ്പൂരിൽ അതിഭീകരമായ രീതിയിൽ ന്യൂനപക്ഷ ആക്രമണമുണ്ടായിട്ടും കേന്ദ്ര സർക്കാർ യാതൊരു നടപടിയുമെടുത്തില്ല. ക്രിസ്ത്യൻ മതവിഭാഗത്തിന് നേർക്ക് മാത്രമല്ല ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയും വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് രാജ്യമൊട്ടാകെ നടന്നു വരുന്നത്.

ക്രിസ്ത്യൻ വിഭാഗത്തിനെതിരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയും നടന്ന ആക്രമങ്ങളുടെ കണക്ക് നിരത്തിയ മന്ത്രി ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തിട്ടും അതിനെ കുറിച്ച് പരാതി ഉന്നയിക്കാത്ത ബിഷപ്പുമാരുടെ നടപടിയെയാണ് താൻ വിമർശിച്ചതെന്ന് വീണ്ടും ആവർത്തിച്ചു.

ഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്ന പ്രതിപക്ഷ നേതവിന്റെയും കോൺഗ്രസിന്റെയും മണിപ്പൂർ വിഷയത്തിലെ നിലപാട് എന്താണെന്നും മന്ത്രി ചോദിച്ചു. നേരത്തെ ബിഷപ്പുമാർക്കെതിരായ മന്ത്രിയുടെ പരാമർശങ്ങളിൽ വലിയ രീതിയിലുള്ള വിമർശനമാണ് കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘനകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

സജി ചെറിയാൻ പ്രസ്താവന പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ലെന്നായിരുന്നു ക്ലിമീസ് ബാവ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *