#Featured #Keralam #News #Special Story

മാസപ്പടി ഇടപാട്: മുഖ്യമന്ത്രിക്കും ബന്ധം എന്ന് കണ്ടെത്തൽ

കൊച്ചി : മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ കൊച്ചി സി എം ആർ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങുന്നു. ബംഗളൂരു റജിസ്റ്റാർ ഓഫ് കമ്പനീസ്( ആർഒസി) അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു.

മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷമായി നിയന്ത്രണം ഉണ്ട് എന്ന് ആർഒസി റിപ്പോർട്ടിൽ പറയുന്നു. വിജയന് കെഎസ്ഐഡിസിയിലുള്ള നിയന്ത്രണം വഴി സിഎംആർഎലിനും സ്വാധീനമുണ്ടെന്നാണ് ആർഒസി റിപ്പോർട്ട്. സിഎംആർഎലിന് യാതൊരുവിധ സഹായവും സർക്കാർ നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിയുന്നു.

വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് സിഎംആർഎൽ. അതിൻ്റെ ഡയറക്ടർ ബോർഡിൽ സർക്കാരിൻ്റെ കെഎസ്ഐഡിസി പ്രതിനിധിയുണ്ട്. എന്നിട്ടും സിഎംആർഎലുമായുള്ള ഇടപാട് തൽപരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്തുന്നത് നിയമലംഘനമാണെന്നാണ് ആർഒസി ചൂണ്ടിക്കാട്ടുന്നത്.

കെഎസ്ഐഡിസി ബോർഡ് അംഗങ്ങളാരും തന്റെ കുടുംബാംഗങ്ങളല്ലെന്നായിരുന്നു വീണയുടെ മറുപടി. 1991ൽ കെഎസ്ഐഡി, സിഎംആർഎലിൽ നിക്ഷേപം നടത്തുമ്പോൾ, തന്റെ കുടുംബാഗങ്ങളാരും സർക്കാരിന്റെ ഭാഗമല്ലെന്നും കെഎസ്ഐഡിസി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നതും തന്റെ പിതാവിനല്ലെന്നുമുള്ള വീണയുടെ വാദങ്ങളാണ് ഇതോടെ ആർഒസി തള്ളുന്നത്. മുഖ്യമന്ത്രിയുടെ മകളും സർക്കാർ ഓഹരിയുള്ള കമ്പനിയും എന്ന നിലയിൽ മാത്രമല്ല, എക്സാലോജിക്കു, സിഎംആർഎലും കെഎസ്ഐഡിസിയും ബന്ധപ്പെട്ട കക്ഷികളാകുന്നതെന്നാണ് ആർഒസി പറയുന്നത്.

കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പണമിടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ ബെംഗളൂരു ആർഒസി പറയുന്നുണ്ട്. പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമായാണെന്നു തെളിയിക്കാനുള്ള രേഖകളൊന്നും എക്സാലോജിക് കമ്പനിക്കു ഹാജരാക്കാനായില്ലെന്നും കമ്പനി നിയമപ്രകാരം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യം ഇരു കമ്പനികളും നടത്തിയതായി പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും ആർഒസി റിപ്പോർട്ടിലുണ്ട്.

സിഎംആർഎലിൽനിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് ഐടി സേവനത്തിനു പകരമായാണെന്നായിരുന്നു ആദായനികുതി തർക്കപരിഹാര ബോർഡിന്റെ ഉത്തരവു വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വാദം.എക്സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണു തീരുമാനമെടുത്തതെന്നും വാങ്ങിയ പണത്തിനു നികുതിയടച്ചെന്നുമെല്ലാം ന്യായീകരിച്ചു. ഈ വാദങ്ങളെല്ലാം തള്ളുന്നതാണ് ആർഒസി റിപ്പോർട്ട്.

 

Leave a comment

Your email address will not be published. Required fields are marked *