#Keralam

കള്ളന്‍ പാര്‍ട്ടിയാപ്പീസില്‍ തന്നെ. കരുവന്നൂരില്‍ സിപിഎമ്മിനെ ഒറ്റിയത് മുതിര്‍ന്ന നേതാവ്

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചു സിപിഎം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പാർട്ടിയിൽ നിന്നു തന്നെ ഇ.ഡിക്കു ചോർത്തി നൽകി. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ മാത്രമേ ഈ രേഖ അവതരിപ്പിച്ചിട്ടുള്ളു. 31 പേജുള്ള ഇതിന്റെ പൂർണ രൂപം ഇ.ഡിക്കു കിട്ടിയിട്ടുണ്ടെന്നാണു പാർട്ടി മനസ്സിലാക്കിയ വിവരം. ഈ രേഖയുടെ അടിസ്ഥാനത്തിലാണു പി.കെ.ബിജുവിനെയും എം.എം.വർഗീസിനെയും പി.കെ.ഷാജനെയും ചോദ്യം ചെയ്യുന്നത്. അന്വേഷണ റിപ്പോർട്ടില്ലെന്നു പറയാനാണു പാർട്ടി നേതൃത്വം നിർദേശിച്ചതെന്ന് അറിയുന്നു. എന്നാൽ ഇ.ഡിയുടെ കൈവശം ഇതുണ്ടെന്നു വന്നതോടെ പ്രതിരോധം പറ്റാതായി.

അന്വേഷണ കമ്മിഷനായി പാർട്ടി നിയോഗിച്ചിരുന്നതു പാർട്ടിയുടെ ജില്ലാ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജനെയുമാണ്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ചുമതലക്കാർക്കു വീഴ്ച പറ്റിയെന്നും ജില്ലാ നേതാക്കൾക്കു ജാഗ്രതക്കുറവുണ്ടായെന്നുമായിരുന്നു കണ്ടെത്തൽ. 2021 മേയിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ രേഖ ചർച്ച ചെയ്തിരുന്നു. 10 അംഗങ്ങൾക്കും പകർപ്പു നൽകി. മറ്റാർക്കും  കൊടുത്തിട്ടില്ല. പിന്നീട് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി യോഗത്തിൽ 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഈ റിപ്പോർട്ടിന്റെ പൂർണരൂപം റിപ്പോർട്ട് ചെയ്തിരുന്നു.  ഈ 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും പകർപ്പു നൽകി. മറ്റ് ഏരിയ കമ്മിറ്റികളിൽ ഉള്ളടക്കം മാത്രമാണു റിപ്പോർ‌ട്ട് ചെയ്തത്. സംസ്ഥാന കമ്മിറ്റിക്കും റിപ്പോർട്ട്  കൈമാറിയിരുന്നു.

റിപ്പോര്‍ട്ട് എങ്ങനെ ഇ.ഡിക്കു ലഭിച്ചു എന്നതാണു നേതൃത്വത്തെ വലയ്ക്കുന്ന ചോദ്യം. റിപ്പോർട്ടുണ്ടെന്ന കാര്യം തൽക്കാലം നിഷേധിക്കാനാണു പാ‍ർട്ടിയുടെ തീരുമാനം. എന്നാൽ പാർട്ടി പത്രത്തിലും പത്രക്കുറിപ്പിലും കരുവന്നൂർ ബാങ്ക് അഴിമതിയുടെ പേരിൽ നടപടിയെടുത്തതായി പറയുന്നുണ്ട്. മാത്രമല്ല, റിപ്പോർട്ട് ഉള്ളതായി പി.കെ.ഷാജൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രസംഗിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *