#Keralam

തൃശ്ശൂരില്‍ കത്തിപ്പടര്‍ന്ന് കരുവന്നൂര്‍… ഉത്തരമില്ലാതെ കുഴങ്ങി സിപിഐഎം

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അക്കൗണ്ട് മരവിപ്പിച്ചതും റെയ്ഡും തിരഞ്ഞെടുപ്പു രംഗത്തു സിപിഎമ്മിനു വൻ തിരിച്ചടി. പൊതുയോഗത്തിൽ പറഞ്ഞുനിൽക്കാൻ ‘കാപ്സ്യൂളുകൾ’ കിട്ടുമെങ്കിലും വീടുകയറി വോട്ട് ചോദിക്കുന്നവരുടെ നില പരിതാപകരമാണ്. പാർട്ടി അക്കൗണ്ടിൽ കോടികൾ വരികയും പോകുകയും ചെയ്യുന്നുവെന്നതു പാർട്ടി ഭാരവാഹികൾക്കു പുതുമയല്ല. 13 കോടി രൂപ വാർഷിക ലെവിയായി മാത്രം പാർട്ടിയുടെ വിവിധ തട്ടുകളിൽനിന്നു അക്കൗണ്ടിലെത്തുമെന്ന് അവർ വിശദീകരിക്കും.

എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്രയേറെ പണമുള്ള സമ്പന്ന പാർട്ടിയാണു സിപിഎം എന്നതു പുതിയ വിവരമാണ്. ഇതു നേരിടുക എന്നതാണു താഴെത്തട്ടിലെ വലിയ പ്രശ്നം. കരുവന്നൂരിലെ പാവപ്പെട്ട നിക്ഷേപകർക്കു പലിശ പോലും കൊടുക്കാനായിട്ടില്ല. സർവീസിൽനിന്നു വിരമിച്ചു കിട്ടിയതെല്ലാം കരുവന്നൂരിൽ നിക്ഷേപിച്ച എത്രയോ പേരുണ്ട്. അവരെല്ലാം എൻജിഒ യൂണിയൻ അംഗങ്ങളോ അനുഭാവികളോ ആയിരുന്നു. പാർട്ടി ഭരിക്കുന്ന ബാങ്ക് എന്ന നിലയിലാണ് പലരും നിക്ഷേപിച്ചത്.

അതെല്ലാം ഇപ്പോൾ തിരിച്ചടിക്കുകയാണ്. മന്ത്രി ആർ.ബിന്ദുവിന്റെ മണ്ഡലത്തിലാണു കരുവന്നൂർ. പണം നഷ്ടപ്പെട്ട ഒരാളെപ്പോലും ബിന്ദു കാണുകയോ സമാധാനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതി ഇപ്പോഴുമുണ്ട്. വോട്ട് ചോദിച്ചെത്തുന്ന പല വീടുകളിൽനിന്നും ചോദിക്കുന്നത് മന്ത്രി എവിടെ എന്നാണ്.

ഇതിനു പുറമെയാണ് ഇപ്പോഴത്തെ റെയ്ഡും അക്കൗണ്ട് മരവിപ്പിക്കലും. അക്കൗണ്ടിലെ പണം പെട്ടെന്നു പിൻവലിച്ചതു പാർട്ടി നേതാക്കൾക്കിടയിൽപോലുമുണ്ടാക്കിയ അമ്പരപ്പു ചെറുതല്ല. രണ്ടു ദിവസം മുൻപു ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽപോലും വലിയ തുക പിൻവലിക്കുന്നതായി പറഞ്ഞിട്ടില്ല. ആരുടേയും അനുവാദം വേണ്ടെങ്കിലും ആരാണ് ഈ സമയത്തു നിയമോപദേശം നൽകിയതെന്നതു രഹസ്യമാണ്.

കോടികൾ കൈവശമുണ്ടായിട്ടും പ്രാദേശിക ഘടകങ്ങൾ തിരഞ്ഞെടുപ്പു ഫണ്ട് പിരിക്കുന്നതു തുടരുകയാണ്. ഇത്തവണത്തെ പ്രത്യേകത പ്രാദേശിക ഘടകങ്ങൾ പിരിക്കുന്ന തുക ജില്ലാ കമ്മിറ്റിക്കു നൽകേണ്ട എന്നതാണ്. പണം അവർക്കുതന്നെ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കാം. രസീത് ജില്ലാ കമ്മിറ്റി നൽകുമെന്നു മാത്രം. കണക്കു നൽകുകയും വേണം. കോടികൾ അക്കൗണ്ടിലുണ്ടായിട്ടും പിരിക്കുന്നത് എന്തിനെന്ന ചോദ്യവും സാധാരണ വീടുകളിലെത്തുമ്പോൾ ഉയരുന്നു.

Leave a comment

Your email address will not be published. Required fields are marked *