#Keralam

പൂരമിങ്ങെത്തി… ഇടങ്കോലിട്ട് കോടതിയും സര്‍ക്കാരും

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വനം വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എഴുന്നള്ളിപ്പിനുള്ള ആനകളുടെ പട്ടികയും ഫിറ്റ്നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 16-ാം തീയതി അഞ്ച് മണിക്ക് മുന്‍പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വിഷയങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഒരു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു. ഈ അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ തീരുമാനം പതിനേഴിന് കൈക്കൊളളും.

അതേസമയം, ഉത്സവങ്ങളില്‍ നാട്ടാനകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ആനകളെ മാത്രമേ ഉത്സവാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളു. മദപ്പാടുള്ളതോ, ഗര്‍ഭിണികളായിട്ടുളളതോ, പ്രായാധിക്യം വന്നിട്ടുള്ളതോ അസുഖമുള്ളതോ, പരുക്കേറ്റതോ ആയ ആനകളെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളതല്ല. ഉത്സവത്തിന് അനുമതി ലഭിച്ചിട്ടുള്ള ഓരോ ആനയേയും 12 മണിക്കൂര്‍ മുന്‍പ് പരിശോധിച്ച് ആനയ്ക്ക് മദപ്പാടോ, ശരീരത്തില്‍ മുറിവ്, ചതവ്, അംഗവൈകല്യം, കാഴ്ച്ചശക്തിയിലുള്ള തകരാറുകള്‍, മറ്റു ആരോഗ്യപരമായ പോരായ്മുകളോ ഇല്ല എന്ന് ഉറപ്പ് വരുത്തുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇത് ഉത്സവക്കമ്മിറ്റിയുടെ ചുമതലയാണ്.

Leave a comment

Your email address will not be published. Required fields are marked *