#Keralam #News

ഹു ഈസ് ഇളയരാജ… ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി

പകർപ്പവകാശ കേസിന്റെ വിചാരണക്കിടെ ഇളയരാജയുടെ അഭിഭാഷകൻ നടത്തിയ പരാമർശത്തിനെതിരെ മദ്രാസ് ഹൈക്കോടതി. ഇളയരാജ ആർക്കും മുകളിൽ അല്ലെന്നും സംഗീത ത്രിമൂർത്തികളായ മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജർ, ശ്യാമ ശാസ്ത്രി എന്നിവർക്ക് മാത്രമാണ് എല്ലാവർക്കും മുകളിലെന്ന് പറയാൻ കഴിയുകയെന്നും ഇളയരാജയ്ക്ക് അങ്ങനെ അവകാശപ്പെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ആർ.മഹാദേവൻ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് പരാമർശം നടത്തിയത്. കേസിൽ വാദം കേൾക്കുന്നതിനിടെ കഴിഞ്ഞ ഏപ്രില്‍ 10-ാം തീയതിയായിരുന്നു ഇളയരാജയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ തന്റെ കക്ഷി ദൈവത്തിന് മാത്രം താഴെയാണെന്നും മറ്റെല്ലാവർക്കും മുകളിലാണെന്നും പറഞ്ഞത്.

എക്കോ റിക്കോർഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് സംഗീത അവകാശത്തെ ചോദ്യം ചെയ്തതിന് ശേഷം പകർപ്പവകാശത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ് ഈ പ്രസ്താവന നടത്തിയതെന്നും ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ മേൽ ഇളയരാജയുടെ അവകാശം ഉറപ്പിക്കാനാണെന്നും സംഗീതസംവിധായകന്റെ കൗൺസൽ-ഓൺ-റെക്കോർഡ് എ. ശരവണൻ കോടതിയോട് മറുപടിയായി പറഞ്ഞു. .

”മാധ്യമങ്ങൾ അത് മറ്റൊരു സന്ദർഭത്തിൽ എടുത്തുപയോഗിച്ചതാണ്. ഇളയരാജ ഒരിക്കലും അങ്ങനെയാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല അദ്ദേഹത്തിന്റെ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് മുതിർന്ന അഭിഭാഷകൻ ആ പ്രസ്താവന നടത്തിയത്,” എന്നായിരുന്നു ശരവണന്റെ വാദം. ഇളയരാജ സംഗീതം നൽകി 4,500ലധികം പാട്ടുകൾക്ക് അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ 2019ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എക്കൊ റെക്കോർഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി വാദം കേൾക്കുന്നത്. കേസ് ഏപ്രിൽ 24-ലേക്ക് മാറ്റിവച്ചു.

 

Leave a comment

Your email address will not be published. Required fields are marked *