#Keralam

പണം റെഡി പക്ഷേ മോചനം നീളും…. റഹീം ജയിലില്‍ തുടരുമോ..?

കോഴിക്കോട്: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം. മോചനദ്രവ്യം നല്‍കുന്നതിനായി ശേഖരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് നിയമസഹായസമിതി ആവശ്യപ്പെട്ടു.

പണം കൈമാറാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം ട്രസ്റ്റിന് നല്‍കിയിട്ടില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് പണം കൈമാറേണ്ടത് വിദേശകാര്യ മന്ത്രാലയം വഴിയാണ്. പണം സമാഹരിച്ച വിവരം കഴിഞ്ഞ പന്ത്രണ്ടാം തീയതി സൗദിയിലെ ഇന്ത്യന്‍ എംബസി വഴി വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. ട്രസ്റ്റിന്റെ അക്കൗണ്ടിലുള്ള പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള എല്ലാ നടപടികളും രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും പണം കൈമാറാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം കൈമാറിയിട്ടില്ല.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നിയമസഹായ സമിതി ആവശ്യപ്പെട്ടു. അതേസമയം റഹീമിന്റെ മോചനത്തിനുള്ള കോടതി നടപടികള്‍ റിയാദില്‍ ആരംഭിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തെയും റഹീമിനെയും കോടതി വിളിച്ചുവരുത്തി മോചന വ്യവസ്ഥയില്‍ തീര്‍പ്പാക്കും. 34 കോടി രൂപ കൈമാറിയാല്‍ റഹീമിനെ മോചിപ്പിക്കാമെന്ന് കാണിച്ച് യുവാവിന്റെ കുടുംബം നല്‍കിയ കത്ത് നിയമസഹായ സമിതി വക്കീല്‍ മുഖാന്തരം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *