#Keralam

ജസ്ന കേസ് വീണ്ടും അന്വേഷിക്കുന്നു… പുതിയ ടീമുമായി സിബിഐ

കോട്ടയം: ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ. ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ല. അവർ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം നൽകി. കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി.

പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടായിരുന്നു സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജസ്നയുടെ അച്ഛൻ കോടതിയെ സമീപിച്ചത്. ജസ്ന ജീവിച്ചിരിപ്പില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നുമായിരുന്നു അച്ഛന്‍റെ ആവശ്യം.

ജെസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും ജെസ്നയുടെ അച്ഛൻ ജെയിംസ് അവകാശപ്പെടുന്നു. ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവ‍ർത്തിച്ചത്. വസ്തുത തെളിയിക്കുന്ന തെളിവ് കയ്യിലുണ്ട്. ഇത് കോടതിയിൽ കൈമാറും. ഒരു വ്യാഴാഴ്ചയാണ് ജെസ്നയെ കാണാതാകുന്നത്. അതുപോലെ മൂന്നാല് വ്യാഴാഴ്ചകളിൽ കോളേജിൽ ചെല്ലാത്ത ദിവസങ്ങളുണ്ടെന്നുമാണ് ജെയിംസ് പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *