#Keralam

താന്‍ പലരെയും കാണും.. ശോഭ സ്വന്തം കാര്യം നോക്കണമെന്ന് ജാവ്ദേക്കര്‍

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ചകള്‍ നടത്തിയെന്ന ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍. താന്‍ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നു ശോഭയ്ക്കും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമാണോ അറിയാവുന്നതെന്നു ചോദിച്ച ജാവഡേക്കര്‍ ഇപിയുമായി ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ചു.

ദേശീയമാധ്യമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജാവഡേക്കറിന്റെ പ്രതികരണം. ” ജയരാജനുമായി അദ്ദേഹത്തിന്റെ മണ്ഡലത്തിലോ, വിമാനത്താവളത്തിലോ പാര്‍ലമെന്റില്‍ വച്ചോ കണ്ടുമുട്ടിയിട്ടുണ്ടാകാം. ഓരോ ദിനവും ഒട്ടേറെ വ്യക്തികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നയാളാണ് താന്‍. കോണ്‍ഗ്രസ് എംപി ശശി തരൂരിനൊപ്പമോ, മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്കൊപ്പമോ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാകാം. അതൊരു കുറ്റകൃത്യമാണോ? അതിലെന്താണ് തെറ്റ്?” ജാവഡേക്കര്‍ ചോദിച്ചു.

ബിജെപി പ്രവേശനത്തിനായി ജയരാജന്‍ മകന്റെ ഫ്ളാറ്റിൽവെച്ച് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. ”സുധാകരന്‍ അദ്ദേഹത്തിന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതി. മറ്റുള്ളവരുടെ കാര്യങ്ങളില്‍ എന്തിന് ഇടപെടുന്നു. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ഞാന്‍ ആരെയൊക്കെ സന്ദര്‍ശിച്ചുവെന്ന് സുധാകരനാണോ ബോധ്യമുള്ളത്,” ജാവഡേക്കര്‍ ചോദിച്ചു.

ശോഭ സുരേന്ദ്രൻ ബിജെപിയുടെ പ്രമുഖ നേതാവാണ്. എന്നാല്‍ തന്റെ സന്ദര്‍ശനവും ബന്ധങ്ങളും സംബന്ധിച്ച് ശോഭയ്ക്ക് എന്ത് അറിയാം? ശോഭയുടെ പരാമര്‍ശം ശുദ്ധ അസംബന്ധവും വ്യാജവുമാണെന്നും ജാവഡേക്കർ പറഞ്ഞു. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ അതില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ലെന്നും ഇ പി ജയരാജന്‍ തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജാവഡേക്കറുടെ പ്രതികരണമുണ്ടായത്.

സ്ഥലം നൽകാമെന്നു പറഞ്ഞ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ വാങ്ങിയിട്ട് തിരിച്ചുനൽകിയില്ലെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തോടെയാണ് ഇപി ജയരാജൻ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണമുയർന്നത്. തനിക്കെതിരായ നന്ദകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച ശോഭ, അദ്ദേഹം ജയരാജനെ ബിജെപിയിലെത്തിക്കാൻ ശ്രമിച്ചുവെന്ന് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *