#Keralam

ചാക്കെടുത്ത് ബിജെപി… ആരൊക്കെ ചാടും..?

കൊല്ലം: മറ്റ് പാർട്ടികളിലെ നൂറിലേറെ നേതാക്കളെ മറുകണ്ടംചാടിച്ച് ബി.ജെ.പി.യിലെത്തിക്കാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പുമുതൽ ഇതിനുള്ള ചർച്ചകൾ പല വഴികളിലൂടെ നടന്നു. അതത് പാർട്ടികളിലും മുന്നണികളിലും അസംതൃപ്തരായവരോടാണ് കൂടുതലും സംസാരിച്ചത്. മുതിർന്ന ചില കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സി.പി.എം., സി.പി.ഐ. കക്ഷികളിൽനിന്ന് നടപടി നേരിട്ടവരുടെ പട്ടിക തയ്യാറാക്കി പ്രകാശ് ജാവഡേക്കർ ബന്ധപ്പെട്ടതായാണ് വിവരം. മുൻ എം.എൽ.എ. എസ്.രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച ഇപ്രകാരമാണ് നടന്നത്.

ബി.ജെ.പി. സംസ്ഥാന നേതൃത്വം അറിയാതെ, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിമാർ നേരത്തേയും ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ട്. പിന്നീട് ഗവർണറായി പോയ ഒരു മുൻ പ്രഭാരി കേരളത്തിൽ ബി.ജെ.പി. പിന്തുണയോടെ ഒരു ക്രൈസ്തവ പാർട്ടി രൂപവത്കരിക്കാൻ മുൻകൈ എടുത്തിരുന്നു. ക്രൈസ്തവ സഭകളുമായുള്ള ചർച്ചകൾക്കും ഇദ്ദേഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളെയാണ് ഉപയോഗിച്ചത്. അനിൽ ആന്റണി, പദ്മജ വേണുഗോപാൽ എന്നിവരുടെ പാർട്ടി പ്രവേശനം ബി.ജെ.പി. സംസ്ഥാന നേതൃത്വം അവസാനമാണ് അറിഞ്ഞത്. പ്രകാശ് ജാവഡേക്കർ തങ്ങളെ ഉൾപ്പെടുത്താതെ നടത്തിയ ചർച്ചകളിൽ സംസ്ഥാന നേതൃത്വത്തിന് നേരത്തേതന്നെ അമർഷം ഉണ്ടായിരുന്നു.
ഇ.പി. വിവാദത്തിൽ പാർട്ടി നേതാക്കളിൽനിന്നുണ്ടായ വെളിപ്പെടുത്തലുകളിൽ ബി.ജെ.പി.യിലെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. സി.പി.എം. നേതാവ് ഇ.പി.ജയരാജന്റെ ബി.ജെ.പി. പ്രവേശനത്തിന് ദല്ലാൾ നന്ദകുമാർ പണം ചോദിച്ചെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ പാർട്ടിക്ക് ദേശീയതലത്തിൽതന്നെ അവമതിപ്പ് ഉണ്ടാക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. പണം നൽകി, മറ്റ് പാർട്ടികളുടെ നേതാക്കളെ ബി.ജെ.പി. മറുകണ്ടം ചാടിക്കുന്നു എന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണം നേരിടുന്ന സമയത്തുതന്നെ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ ഉണ്ടായതാണ് കാരണം. രഹസ്യമായി നടത്തുന്ന ചർച്ചകളെപ്പറ്റി പുറത്തുപറഞ്ഞത്, ഇനിയുള്ള ചർച്ചകളെ ബാധിക്കുമെന്ന് മുതിർന്ന ബി.ജെ.പി. നേതാവ് പറഞ്ഞു. നേതാക്കളുടെ വിശ്വാസ്യതയെ ഇത്തരം വെളിപ്പെടുത്തലുകൾ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയരാജൻ-ജാവഡേക്കർ ചർച്ച സ്ഥിരീകരിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നടപടി അസ്ഥാനത്താണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *