#Keralam

കണ്ണൂര്‍ സിംഹത്തിന് പല്ലുകൊഴിഞ്ഞോ..? കെപിസിസി അദ്ധ്യക്ഷ സ്ഥാനം തുലാസില്‍

ഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷമാകും തീരുമാനം. എഐസിസി നിർദ്ദേശിച്ചെങ്കിൽ മാത്രമേ കെ സുധാകരന് മടങ്ങി വരാനാകൂയെന്നും നേതാക്കൾ വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലവും പരിഗണിച്ചാവും തീരുമാനം. കണ്ണൂരിൽ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തിൽ മുന്നേറ്റം തുടരാനാകാതെ വരികയോ ചെയ്താൽ കെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കണ്ണൂര്‍ മണ്ഡലത്തിൽ കെ സുധാകരനാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എഐസിസി തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും. എംഎം ഹസ്സനാണ് നിലവിൽ കെപിസിസി ആക്ടിങ് പ്രസിഡന്റ്. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും തമ്മിലുണ്ടായ ഭിന്നതയും ഇപ്പോഴത്തെ നീക്കങ്ങൾക്ക് കാരണമാണെന്ന് കരുതുന്നുണ്ട്. സുധാകരനുമായി ബന്ധപ്പെട്ട് കെപിസിസി ഫണ്ട് വിതരണ വിഷയത്തിൽ പുറത്തുവന്ന ശബ്ദസന്ദേശങ്ങളും എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *