#Keralam

വരുന്നത് താമരക്കാലം… രണ്ട് സീറ്റ് ഉറപ്പെന്ന് ബിജെപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ട് സീറ്റില്‍ വിജയം ഉറപ്പിച്ച് ബിജെപി. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ച തിരുവനന്തപുരത്തും സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂരിലും വിജയിക്കുമെന്നാണ് ബിജെപി നേതൃയോഗത്തില്‍ വിലയിരുത്തല്‍. രണ്ടിടത്തും നാല് ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ ലഭിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.

ആറ്റിങ്ങലിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ആലപ്പുഴയില്‍ നേടുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനുമാണ് മത്സരിച്ചത്. തന്നെ തോല്‍പ്പിക്കാന്‍ വി മുരളീധരപക്ഷം ശ്രമിച്ചുവെന്ന് നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. മുരളീധര പക്ഷം തനിക്കെതിരെ നിരന്തരം പ്രവര്‍ത്തിക്കുകയാണെന്നും മുരളീധര പക്ഷം പാര്‍ട്ടിയെ ഒറ്റകൊടുക്കുകയാണ് എന്നുമായിരുന്നു ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടിക്ക് കേരളം ഒറ്റക്കെട്ടായി വോട്ട് ചെയ്യുമെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍ എല്ലാം ബിജെപി വിജയിക്കും. എന്‍ഡിഎ വല്ല്യ സംഖ്യയില്‍ വിജയിക്കും. ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എല്ലായ്പ്പോഴും അതുണ്ടാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തുനില്‍ക്കാതെ തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു. വയനാട് ജില്ലയിലാണ് ആദ്യ കണ്‍വെന്‍ഷന്‍. 100 പഞ്ചായത്ത്, തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍, 20 നഗരസഭകള്‍ എന്നിവയാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടത്. കോര്‍പ്പറേഷനുകളും നഗരസഭകളും പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്തം ഇന്നത്തെ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ട് നഗരസഭകളിലാണ് ബിജെപി അധികാരത്തിലെത്തിയത്. പാലക്കാട്, പന്തളം നഗരസഭകളിലായിരുന്നു അത്. 22 പഞ്ചായത്തുകളിലും അധികാരം ലഭിച്ചിരുന്നു. പിന്നീടത് 13 പഞ്ചായത്തുകളിലേക്ക് ചുരുങ്ങുന്ന അവസ്ഥയുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *