#Keralam

ടൂറിന് പൊയ്ക്കോ മുഖ്യാ… പക്ഷേ ഇവരെ മറക്കല്ലേ

കണ്ണൂര്‍: ശ്രുതി തരംഗം പദ്ധതിയിലൂടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികളുടെ കേടായ ഉപകരണങ്ങള്‍ പലയിടത്തും മാറ്റി നല്‍കുന്നില്ല. സാമൂഹ്യ സുരക്ഷാ മിഷന്‍ സമയ ബന്ധിതമായി ഉപകരണങ്ങള്‍ മാറ്റി നല്‍കാത്തതിനാല്‍ കേള്‍വി അറിഞ്ഞ കാതുകള്‍ വീണ്ടും നിശബ്ദമാവുകയാണ്. സര്‍ജറി കഴിഞ്ഞ കുട്ടികളുടെ ചികിത്സയ്ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സാമൂഹ്യ സുരക്ഷാ മിഷന് നല്‍കുന്ന തുകയും ഉപയോഗിക്കാതെ കിടക്കുകയാണ്.

സാമൂഹ്യ സുരക്ഷാ മിഷനാണ് ഉപകരണത്തിന്റെ തകരാറുകള്‍ പരിഹരിച്ച് നല്‍കേണ്ടത്. അതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് എല്ലാ സാമ്പത്തിക വര്‍ഷവും തുക ഒടുക്കുന്നുമുണ്ട്. പക്ഷെ തകരാര്‍ പരിഹരിച്ച് കിട്ടുന്നില്ല.

കണ്ണൂര്‍ പയ്യാവൂരിലെ പഴയിടത്ത് ഐസക്കിന് ഭാര്യയും രണ്ട് മക്കളുമാണ്. നാല് പേരും ജന്മനാ കേള്‍വി ശേഷി ഇല്ലാത്തവര്‍. മൂത്ത മകന്‍ 2014ല്‍ കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത് കേള്‍വി ശേഷി നേടിയതാണ്. ആറ് മാസം മുന്‍പ് ഹിയറി ഗൈഡ് ഉള്‍പ്പെടുന്ന ഉപകരണം തകരാറിലായി. ഇതുവരെയും സാമൂഹ്യ സുരക്ഷാ മിഷന്‍ കേടുപാട് പരിഹരിച്ച് നല്‍കിയില്ല. ഇതോടെ കുടുംബം പ്രതിസന്ധിയിലായി.

വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെ വരുന്ന കുടുംബത്തിന് ഒരു ലക്ഷത്തി എണ്‍പത്തായ്യായിരം രൂപ മുടക്കി ഉപകരണം മാറ്റി വെക്കുക അസാധ്യമാണ്. ജന്മനാ കേള്‍ക്കാത്ത ഒരാള്‍ക്ക് കേള്‍വി ശക്തി തിരികെ കിട്ടിയിട്ട് അത് വീണ്ടും നഷ്ടപ്പെട്ട് പോകുന്നതിന്റെ പ്രയാസം ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് ഇവര്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *