#Keralam

ഹിന്ദുക്കള്‍ അത്ര പോരേ….? അച്ചായന്‍മാരെ ഉന്നമിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാന മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍ തലസ്ഥാനത്തെത്തി അദ്ധ്യക്ഷ സ്ഥാനം തിരികെ ഏറ്റെടുത്തെങ്കിലും മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കുറയുന്നില്ല.

കെ സുധാകരന് ശേഷം വരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവായിരിക്കണം എന്ന ചര്‍ച്ച ഇപ്പോള്‍ പാര്‍ട്ടിയില്‍ വലിയ തോതിലുണ്ട്. നേരത്തെ തന്നെ ഈയൊരു ആവശ്യം ഉണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അത് ശക്തമായി.

മുതിര്‍ന്ന നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി അന്തരിച്ചതും എ കെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടപറഞ്ഞതിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് നേതൃനിരയില്‍ മുതിര്‍ന്ന ക്രൈസ്തവ നേതാക്കളില്ല. അത് കൊണ്ട് തന്നെ തന്നെ വിവിധ സഭകളുമായും ക്രൈസ്തവ ജനവിഭാഗങ്ങളുമായും ഉള്ള ബന്ധം അത്ര സുഗമമായിട്ടല്ല പോകുന്നത്. അത് കൊണ്ട് പെട്ടെന്ന് തന്നെ ക്രൈസ്തവ വിഭാഗത്തില്‍ നിന്ന്, പ്രത്യേകിച്ച് റോമന്‍ കത്തോലിക്കനായ ഒരു നേതാവിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം.

നേരത്തെ മുസ്‌ലിം ജനവിഭാഗത്തിനുള്ള പ്രാതിനിധ്യം മുസ്‌ലിം ലീഗ് വഴിയും ഹൈന്ദവ പ്രാതിനിധ്യം കോണ്‍ഗ്രസ് വഴിയും ക്രൈസ്തവ പ്രാതിനിധ്യം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് വഴിയും യുഡിഎഫിന് ഉറപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് പോയി. കോണ്‍ഗ്രസിലാണെങ്കില്‍ ക്രൈസ്തവ നേതാക്കള്‍ നേതൃസ്ഥാനത്തില്ലാത്തതിനാല്‍ സമുദായത്തിലേക്ക് കൃത്യമായെത്താന്‍ യുഡിഎഫിന് സാധിക്കില്ല. അതേ സമയം സിപിഐഎമ്മും ബിജെപിയും സമുദായത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്.

സണ്ണി ജോസഫ് എംഎല്‍എയുടെ പേരാണ് ചര്‍ച്ചകളില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും ഉയരുന്നത്. ഗ്രൂപ്പിനതീതമായി നില്‍ക്കുന്ന നേതാവെന്ന നിലയിലും വിവിധ സഭാ നേതൃത്വങ്ങളുമായി പുലര്‍ത്തുന്ന ബന്ധവുമാണ് സണ്ണി ജോസഫിനെ പ്രിയങ്കരനാക്കുന്നത്. യുവമുഖങ്ങളെ പരിഗണിക്കുകയാണെങ്കില്‍ റോജി എം ജോണിനെയോ ആന്റോ ആന്റണിയെയോ പരിഗണിക്കണമെന്നും ചര്‍ച്ചകളില്‍ അഭിപ്രായമുയരുന്നുണ്ട്.

 

 

Leave a comment

Your email address will not be published. Required fields are marked *