കന്യാകുമാരിയില്‍ എത്തി നരേന്ദ്ര മോദി, ഇനി 45 മണിക്കൂര്‍ വിവേകാനന്ദപ്പാറയില്‍ ധ്യാനം

തിരുവനന്തപുരം : ധ്യാനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലാണ് ധ്യാനത്തിനായി പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്. തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്റ്ററിലാണ് മോദി കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്.

45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തെ പരസ്യ പ്രചരണദിനമായ ഇന്ന് ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഗസ്റ്റ് ഹൗസിലെ ഹെലിപാഡിലാണിറങ്ങിയത്. ആദ്യം ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക് പോകും. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് മോദി ധ്യാനമിരിക്കുന്നത്.

അവസാനഘട്ട വോട്ടെടുപ്പായ ജൂണ്‍ ഒന്നിന് ഉച്ചകഴിഞ്ഞ് ധ്യാനം അവസാനിച്ചാല്‍ കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് മടങ്ങും. എട്ട് ജില്ലാ പോലീസ് മേധാവികളടക്കം നാലായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്.

അതേസമയം മോദിയുടെ ധ്യാനം പരോക്ഷ പ്രചാരണമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ധ്യാനം പ്രചാരണമായി കാണാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മോദിയുടെ ധ്യാനം തടയില്ലെങ്കില്‍ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും അതേസമയം തന്നെ കന്യാകുമാരിയില്‍ ധ്യാനം നടത്തുമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അറിയിച്ചു.

നേരത്തെ 2019ലും ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി ധ്യാനത്തിനായി ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ എത്തിയിരുന്നു. അന്ന് പതിനേഴ് മണിക്കൂറോളമാണ് കേദാര്‍നാഥിലെ ധ്യാനഗുഹയില്‍ മോദി ചിലവഴിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തിയിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *