#Keralam

ഉമേഷ് വള്ളിക്കുന്നിന് മൂന്നാമതും സസ്‌പെന്‍ഷന്‍, മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി കത്തയച്ചത് ഫേസ്ബുക്കിൽ പങ്കുവെച്ചു

തിരുവനന്തപുരം: സാമൂഹ്യപ്രശ്‌നങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന ആറന്മുള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും സസ്‌പെന്‍ഷന്‍. അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്ന പേരില്‍ അച്ചടക്ക നടപടി ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരെ വിമര്‍ശിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസം ഉമേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നായിരുന്നു നടപടി.

”പോലീസ് സേനയിലെ ഉയര്‍ന്ന മേലുദ്യോഗസ്ഥര്‍ക്കും, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ വസ്തുതയ്ക്ക് നിരക്കാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചും സമൂഹ മാധ്യമം വഴി പോസ്റ്റുകള്‍ നിരന്തരം പ്രചരിപ്പിക്കുന്ന ഇദ്ദേഹം പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതിനെകുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളെകുറിച്ചും, വിവിധ കാലയളവുകളില്‍ സംസ്ഥാന പോലീസ് മേധാവിമാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക വഴി ഒരു പോലീസ് സേനാംഗം പാലിക്കേണ്ട അച്ചടക്കം പാലിക്കാതെ അതീവ ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും കാട്ടുന്നതിന് ഇടവരുത്തിയിട്ടുള്ളതായി മേല്‍ സൂചന പ്രകാരം സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നു,” പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.

ഉമേഷിനെതിരെ അന്വേഷണം നടത്തി രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആറന്മുള സ്റ്റേഷന്‍ ഹൗസ്‌ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കാലയളവില്‍ നിയമാനുസൃതം ലഭിക്കേണ്ട ഉപജീവനപ്പടിക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി അയച്ച കത്ത് ഉമേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അങ്കമാലിയില്‍ ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കിയ സംഭവത്തെ ആധാരമാക്കിയായിരുന്നു കത്തയച്ചത്. ഈ സംഭവത്തില്‍ നടപടിയെ അഭിനന്ദിച്ച ഇദ്ദേഹം ഇത് ആദ്യത്തെയോ അവസാനത്തെയോ ഗുണ്ടാവിരുന്നാണെന്ന് കരുതരുതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നാണ് തന്റെ മേലുദ്യോഗസ്ഥന്‍ ക്രിമിനല്‍ കേസുള്ളവരെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഉമേഷ് സൂചിപ്പിച്ചത്.

 

 

 

Leave a comment

Your email address will not be published. Required fields are marked *