#Keralam

കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് തിരുവനന്തപുരം: സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും അഞ്ചാം തീയതി എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു കിഴക്കന്‍ അറബിക്കടലില്‍ സമുദ്രനിരപ്പില്‍ നിന്ന് ആറ് കിലോമീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുള്ളതിനാല്‍ തെക്കന്‍, മധ്യ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

ഇടിയോടു കൂടെയുള്ള കനത്ത മഴയാണ് തെക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് പ്രതീക്ഷിക്കേണ്ടത്. ശക്തമായ മിന്നല്‍ സാധ്യതയുള്ളതിനാല്‍ കിഴക്കന്‍ മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കാണ് കൂടുതല്‍ മഴ സാധ്യത. നിലവിലെ വിലയിരുത്തല്‍ പ്രകാരം പകല്‍ സമയങ്ങളില്‍ കൂമ്പാരമേഘങ്ങള്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ളതിനാല്‍ മഴയുടെ തീവ്രത വര്‍ധിച്ചേക്കാം. ചുരുങ്ങിയ അളവില്‍ വലിയ തോതില്‍ മഴ ലഭിക്കുകയും, പെയ്യുന്ന മഴ ചില മേഖലകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ സമയം നിന്നു പെയ്യുകയും ചെയ്യാം. ഇത് നഗര പ്രദേശങ്ങളില്‍ വെള്ളകെട്ടുകള്‍ക്കും കിഴക്കന്‍ മേഖലകളില്‍ മണ്ണിടിച്ചില്‍, മലവെള്ളപാച്ചില്‍ പോലുള്ളവക്കും കാരണമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെയായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അതേ സമയം, തൃശൂരില്‍ പെയ്ത കനത്ത മഴയ്ക്ക് ചെറിയ ശമനം ഉണ്ടായതോടെ നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ഇടുക്കി പൂച്ചപ്രയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

 

Leave a comment

Your email address will not be published. Required fields are marked *