#Keralam

ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂര്‍

തിരുവന്തപുരം: രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡത്തില്‍ ഭാവിയില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് തരൂരിന്റെ നിലപാട്. പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് തരൂരിന്റെ പ്രതികരണം.

”എന്റെ കര്‍ത്തവ്യം ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. പുതുമുഖങ്ങള്‍ വരുന്നതിന് വേണ്ടി എപ്പോള്‍ മാറിനില്‍ക്കണമെന്ന് നമ്മളെല്ലാവരും അറിയേണ്ടതുണ്ട്. ലോക്‌സഭ തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ട സ്ഥാപനമാണ്. എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ പരാമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് തുടരും. പക്ഷേ, അതേ വഴിയില്‍ തന്നെയല്ലാതെ ജനങ്ങളെ തുടരാനുള്ള മറ്റു മാര്‍ഗങ്ങളുമുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലോക്‌സഭയിലേക്ക് വീണ്ടും പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്നാണ് മാറുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നല്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സുരേഷ് ഗോപി ടിപ്പിക്കല്‍ ബിജെപിക്കാരനല്ലന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. സുരേഷ് ഗോപി തന്റെ മതേതര യോഗ്യതകള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷ വോട്ടര്‍മാരെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായത്തെ ആകര്‍ഷിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

”2009-ല്‍ എന്നെ പിന്തുണച്ച, എനിക്ക് നന്നായി അറിയുന്ന സുരേഷ് ഗോപി ഒരു ടിപ്പിക്കല്‍ ബിജെപിക്കാരനല്ല. അദ്ദേഹം തന്റെ മതേതര യോഗ്യത ഉയര്‍ത്തിക്കാട്ടുകയും തൃശൂരിലെ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയിലേക്ക്, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായത്തോട് പരസ്യമായ അഭ്യര്‍ഥനയുമായി എത്തുകയും ചെയ്തു. സെലിബ്രിറ്റി സ്ഥാനാര്‍ഥി, മികച്ച സിനിമാ താരം, കോടീശ്വരന്‍ പരിപാടി അവതാകന്‍ അങ്ങനെയുള്ള വ്യക്തിപ്രഭാവവും സുരേഷ് ഗോപിക്കുണ്ടായിരുന്നു”, ശശി തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നതായും അദ്ദേഹം ആരോപിച്ചു. മൂന്നു സിപിഎം മേഖലകളില്‍ സിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോവുകയും ബിജെപി സ്ഥാനാര്‍ഥി ഒന്നാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *