#Keralam

മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണ്. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു. ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല.

ഇല്ലാത്ത കാര്യമാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഞങ്ങളുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. നിങ്ങള്‍ ആരോടാണ് ഈ വാശി കാണിക്കുന്നത്. നിയമസഭയുടെ പേരാണ് മോശമായത്. എന്ത് നേട്ടമാണ് നിങ്ങള്‍ക്കുണ്ടായത്. നിങ്ങള്‍ക്ക് നിങ്ങളുടെ ഭൂരിപക്ഷം കൊണ്ട് തന്നെ ബില്‍ പാസാക്കാമായിരുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.

 

ഡീ ലിമിറ്റേഷന്‍ വലിയ പ്രക്രിയ ആണെന്ന് പറയുന്ന മന്ത്രിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പെ ഈ ബില്‍ കൊണ്ടു വരാമായിരുന്നില്ലേ? എത്രയോ അവസരങ്ങളുണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് നിഷ്‌ക്രിയത്വമാണ്. സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കുമെന്നാണ് അജണ്ടയിലുണ്ടായിരുന്നത്. മുന്‍ സഭയില്‍ ഈ ബില്‍ പരിഗണിച്ചപ്പോള്‍ ഇല്ലാതിരുന്ന നിരവധി പേര്‍ ഇപ്പോഴത്തെ സഭയിലുണ്ട്. അവര്‍ക്കും ഭേദഗതികള്‍ അവതരിപ്പിക്കാനുണ്ടാകും. പെട്ടെന്ന് പാസാക്കേണ്ടതായിരുന്നെങ്കില്‍ പ്രതിപക്ഷത്തോട് പറയാമായിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *