#SPECIAL TALK

തെലുങ്ക് പറഞ്ഞ് ബിജെപി. ദക്ഷിണേന്ത്യ പിടിക്കാന്‍ പുത്തനടവ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 സീറ്റില്‍ വിജയം നേടുക എന്ന വലിയ ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപി ഇത്തവണ ദക്ഷിണേന്ത്യയില്‍ ശ്രദ്ധയൂന്നുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായും സഖ്യം പുനഃസ്ഥാപിച്ചാണ് ബിജെപി ആന്ധ്ര പ്രദേശില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും സഖ്യം ഒന്നിച്ച് നേരിടുമെന്നാണ് പ്രഖ്യാപനം. ഇതോടെ ദക്ഷിണേന്ത്യന്‍ നിയമസഭകളില്‍ ഒന്നില്‍ കൂടി സാന്നിധ്യം ഉറപ്പിക്കാനാകും എന്ന കണക്കൂട്ടലും ബിജെപിക്കുണ്ട്. എന്നാല്‍, ആന്ധ്ര പ്രദേശ് പിടിക്കാനുള്ള ബിജെപിയുടെ പദ്ധതികള്‍ അത്ര എളുപ്പമല്ലെന്ന് മുന്‍കണക്കുകള്‍ തന്നെ ബോധ്യപ്പെടുത്തും. മുന്നണി രാഷ്ട്രീയത്തിലൂടെ ആന്ധ്രയില്‍ ബിജെപിക്ക് നേട്ടമുണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള ചരിത്രം.

തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിച്ച 2014ല്‍ ബിജെപി അന്ധ്രപ്രദേശില്‍ നാല് നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭാ സീറ്റുകളും സ്വന്തമാക്കിയിരുന്നു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഈ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ബിജെപി വലിയ വളര്‍ച്ച നേടിയെങ്കിലും ആന്ധ്ര പ്രദേശില്‍ ഈ വളര്‍ച്ച താഴോട്ടായിരുന്നു. ആന്ധ്ര പ്രദേശില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവില്ലായ്മ 2019ലെ തിരഞ്ഞെടുപ്പ് ഫലം തന്നെ പരിശോധിച്ചാല്‍ മനസിലാകും.

2024ല്‍ എത്തുമ്പോള്‍ അന്ധ്ര പ്രദേശ് പിടിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തെ പത്ത് പാര്‍ലമെന്ററി സെഗ്മെന്റുകളാക്കി തിരിച്ച് പ്രത്യേക പരിഗണന നല്‍കിയാണ് പ്രവര്‍ത്തനം. കേന്ദ്ര മന്ത്രിമാരുടെ നിരന്തര സന്ദര്‍ശനം, വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതില്‍ കേന്ദ്ര നേതാക്കളുടെ നേരിട്ടുള്ള നിരീക്ഷണം എന്നിങ്ങനെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

ഒരു കാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസിന് വെറും 1.3 ശതമാനം വോട്ട് ഷെയര്‍മാത്രമാണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ നേടാനായിട്ടുള്ളത്. ടിഡിപി- ജെഎന്‍പി- ബിജെപി പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ജഗന്റെ പാര്‍ട്ടിക്ക് എതിരായ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്‍ഡിഎയിലെ സീറ്റുധാരണ അനുസരിച്ച് ആന്ധ്രയില്‍ 25 ലോക്സഭാ സീറ്റുകളില്‍ 17 ഇടത്ത് ടിഡിപി മത്സരിക്കും. ആറു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ രണ്ടു സീറ്റുകളാണ് ജെഎസ്‌പിക്ക് നല്‍കുക.

Leave a comment

Your email address will not be published. Required fields are marked *