#SPECIAL TALK

ഉറപ്പുകള്‍ നടപ്പാക്കി ബിജെപി: ഇനി ഏക സിവില്‍കോഡ്

തിരഞ്ഞെടുപ്പിന് മുന്നോടിയായി അജന്‍ഡയിലെ ഒടുവിലത്തെ രാഷ്ട്രീയ ആയുധവും ബി.ജെ.പി. പുറത്തെടുത്തു. 2019-ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ തിങ്കളാഴ്ച വിജ്ഞാപനം ചെയ്തതോടെ വിവാദങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും അധ്യായം കൂടിയാണ് സര്‍ക്കാരും ബി.ജെ.പി.യും തുറന്നത്.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കല്‍, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ് നിരോധനം തുടങ്ങിയവയ്ക്കുപിന്നാലെയാണ് പൗരത്വനിയമം നടപ്പാക്കാനുള്ള തീരുമാനവും. ഏകസിവില്‍ കോഡാണ് ഇനി ഈ അജന്‍ഡകളില്‍ ബാക്കിയുള്ളത്. സിവില്‍ കോഡ് നടപ്പാക്കാന്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ദേശീയ തലത്തില്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും ചര്‍ച്ചയില്‍ അതും സജീവമാണ്.

2019ല്‍ പാസാക്കിയെങ്കിലും പ്രതിഷേധമുയര്‍ന്നതോടെ പൗരത്വനിയമം നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി. അസം, ഡല്‍ഹി, യു.പി. എന്നിവിടങ്ങളിലാണ് കടുത്ത പ്രതിഷേധമുയര്‍ന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയത് ആ വിഭാഗത്തോടുള്ള വിവേചനമാണെന്നായിരുന്നു ആക്ഷേപം.

പൗരത്വനിയമം നടപ്പാക്കുമെന്ന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രചാരണ വേദികളില്‍ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. നിയമം നടപ്പാക്കില്ലെന്ന് കേരളം, ബംഗാള്‍ സര്‍ക്കാരുകള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *