#SPECIAL TALK

ജന്മഭൂമി പ്രതിസന്ധിയിലെന്ന് മുന്‍ ചീഫ് എഡിറ്റര്‍; ശമ്പളം ലഭിക്കാത്തവര്‍ പരാതിയുമായി രംഗത്ത്

ശമ്പള പ്രതിസന്ധിയില്‍ ഉഴലുന്ന സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമി ദിനപത്രത്തിനെതിരെ മുന്‍ ചീഫ് എഡിറ്റര്‍ രാമചന്ദ്രന്‍. കേന്ദ്രഭരണം നിലനില്‍ക്കുമ്പോഴും പ്രതിസന്ധിയുണ്ടാകാന്‍ കാരണം ഇപ്പോഴത്തെ മാനേജ്‌മെന്റിന്റെ ധൂര്‍ത്താണെന്ന് അദ്ദേഹം പറയുന്നു. എംഡിക്കും മാനേജ്‌മെന്റിനും എതിരെ ശക്തമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. കണ്ണൂര്‍ യൂണിറ്റില്‍ അഞ്ച് മാസമായി ശമ്പളം നല്‍കിയിട്ട്. മറ്റുള്ള യൂണിറ്റുകളിലും ശമ്പളം നല്‍കാനാകാതെ കുഴങ്ങുകയാണ് പത്രം. അയോധ്യ പ്രിന്റേഴ്‌സ് വിറ്റുതുലച്ചതിനും കാരണക്കാര്‍ ഇപ്പോഴത്തെ മാനേജ്‌മെന്റിലുള്ളവരാണെന്നും രാമചന്ദ്രന്‍ പറയുന്നു.

അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം.

‘ജന്മഭൂമി’യിലെ പ്രതിസന്ധി
……………………………………………………

‘കേസരി’യുടെ പുതിയ ലക്കത്തില്‍, മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് എസ് സേതുമാധവന്‍, ‘കര്‍മ്മമേ പുരുഷാര്‍ത്ഥം’ എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. പണ്ടൊരിക്കല്‍ ‘ജന്മഭൂമി’യുടെ എം ഡി ആയിരുന്ന, അടുത്തിടെ വിട പറഞ്ഞ കെ പുരുഷോത്തമനെപ്പറ്റിയാണ്, ലേഖനം. അതില്‍ ഇങ്ങനെ പറയുന്നു:
‘ജന്മഭൂമി അത്യന്തം പ്രതിസന്ധി നേരിടുന്ന സമയത്താണ് പുരുഷോത്തമന്‍ എം ഡി ആയി ചുമതലയേല്‍ക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍ സംഘ അധികാരികള്‍ക്ക് മുന്നില്‍ കരയാതെ തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് ആ പരിതസ്ഥിതിയെ തരണം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്.’

 

രാമ ചന്ദ്രന്‍

ഇന്നോ? ‘ജന്മഭൂമി’യുടെ വരണ്ട നേതൃത്വം, സംഘ അധികാരികള്‍ക്ക് മുന്നില്‍ കരഞ്ഞു കൊണ്ടേയിരിക്കുന്നു. അഥവാ സ്വയം സംഘ അധികാരികളായി കരുതി അവര്‍ തോന്ന്യാസം കാട്ടുന്നു.

അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന, ‘ജന്മഭൂമി’യെപ്പറ്റിയുള്ള വീഡിയോ, ‘ജന്മഭൂമി’ പ്രവര്‍ത്തകര്‍ എനിക്ക് അയച്ചു തന്നു. അതില്‍, ‘ജന്മഭൂമി’യുടെ ഒരു നേതാവിനെ ‘ആട്ടിന്‍ തോലിട്ട ചെന്നായ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആ ചാനലിന്റെ ഉടമ ‘ജന്മഭൂമി’യില്‍ ജോലി ചെയ്തപ്പോള്‍ നേരിട്ട അനുഭവം കൂടി അതിന് പിന്നില്‍ ഉണ്ടായിരിക്കാം.

ആ ചാനലില്‍ വന്ന റിപ്പോര്‍ട്ട്, ‘ജന്മഭൂമി’ ഓണ്‍ലൈന്‍, കേരളകോണ്‍ഗ്രസ് ബന്ധമുള്ള ഒരു മലയാള ചാനലുമായി വീഡിയോ പങ്കിടാന്‍ കരാര്‍ ഉണ്ടാക്കുന്നു എന്നായിരുന്നു. വിഡിയോ വന്ന ശേഷം കരാര്‍ ശ്രമം നിര്‍ത്തിയെന്ന് തോന്നുന്നു. അയോദ്ധ്യ പ്രിന്റേഴ്‌സ് പുറത്തു നിന്നൊരാള്‍ക്ക് കൈമാറിക്കഴിഞ്ഞു-അതിന്റെ പശ്ചാത്തലത്തിലും കടം കാണും. നിലനില്‍പിന് പ്രയാസപ്പെടുമ്പോഴാണ്, ഇപ്പോഴത്തെ നേതൃത്വം ‘ജന്മഭൂമി’യുടെ സ്വത്ത് പണയപ്പെടുത്തി വലിയ കടങ്ങള്‍ എടുത്തത്. ജീവനക്കാര്‍ കൈകാലിട്ടടിക്കുമ്പോഴും, എം ഡി ആഡംബരവാഹനം ജന്മഭൂമിയുടെ പണം കൊണ്ട് സ്വന്തം ആവശ്യത്തിന് വാങ്ങി ഉയര്‍ന്ന ധാര്‍മ്മികത പ്രകടമാക്കി -ഭാസ്‌കര്‍ റാവുവിന്റെ ആത്മാവ് പൊറുക്കട്ടെ.

മൂന്ന് മാസം മുന്‍പ് ബി ജെ പി ഏതാണ്ട് 14 കോടി രൂപ ‘ജന്മഭൂമി’ക്ക് പിരിച്ചു കൊടുത്തു എന്നാണ് ബി ജെ പി വൃത്തങ്ങളില്‍ നിന്ന് എനിക്കുള്ള അറിവ്. എന്നാല്‍, ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം ഇപ്പോഴും കൊടുക്കാനുണ്ട്. എം ഡി കൊല്ലത്ത്, ജനറല്‍ മാനേജര്‍ കോട്ടയത്ത്, എഡിറ്റര്‍ സ്വന്തം വീട്ടില്‍. ആസ്ഥാനം കൊച്ചി.
സംഘ അധികാരികള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് പണി അറിയാഞ്ഞിട്ടാണ്. സബ് എഡിറ്റര്‍, ജനറല്‍ മാനേജര്‍ ആയാല്‍ ഇങ്ങനിരിക്കും.
പല കാര്യങ്ങളും അറിയുമ്പോള്‍ മിണ്ടാതിരിക്കും. ഇപ്പോള്‍ ദുഃഖം കൊണ്ട് പറഞ്ഞു എന്നേയുള്ളൂ.

………………………………………………………………………………………………………………………………………………………………………………………………

മുന്‍ ജീവനക്കാരന്റെ കുറിപ്പ്‌

ജന്മഭൂമിയില്‍ വീഴുന്ന കണ്ണീര്‍
_________

ജന്മഭൂമിയില്‍ നിന്ന് രാജിവച്ച നീരജ് ജി ജി എഴുതുന്നു:

‘ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് ഞാന്‍ ജന്മഭൂമിയില്‍ നിന്നു രാജിവച്ചിട്ട് 9 മാസമാകുന്നു. ഗ്രാറ്റുവിറ്റിയായി ജന്മഭൂമി എനിക്ക് നല്‍കാനുള്ളത് 56482 രൂപ. രണ്ട് തവണ ബന്ധപ്പെട്ടവര്‍ക്ക് മെയില്‍ അയച്ചു. ഇതില്‍ എനിക്ക് ജനുവരി 30ന് ആകെ നല്‍കിയത് 20000 രൂപ. ഇക്കാര്യം അറിയിച്ച് ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറെ ഞാന്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ ‘നോക്കാം’
എന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഒരാഴ്ച കഴിഞ്ഞു.

‘എന്റെ പിഎഫില്‍ മൂന്നു മാസത്തെയും 10 ദിവസത്തെയും പണം ജന്മഭൂമി ഇനിയും അടയ്ക്കാന്‍ ഉണ്ട്. അതില്‍ നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല.

‘ഇവര്‍ ഈ പണം എനിയ്ക്ക് ഇനി എന്ന് തരാനാണ്? എന്റെ മരണശേഷമോ?

‘എന്റെ പേരില്‍ ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് എടുത്ത വായ്പയില്‍ ഇനി 91802 രൂപയും അടയ്ക്കാനുണ്ട്.
പുറത്ത് പോയ ജീവനക്കാരെ എത്രമാത്രം കഷ്ടപ്പെടുത്താമോ അങ്ങനെയെല്ലാം ചെയ്യാനാണ് ഈ മാനേജ്‌മെന്റ് ശ്രമിക്കുന്നത്.’

എനിക്ക് പറയാനുള്ളത്:

താങ്കള്‍ക്ക് ലേബര്‍ കോടതിയെ സമീപിക്കാം. പി എഫില്‍ ജന്മഭൂമി പണം അടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമാണ്. അതിനെതിരെയും അങ്ങേക്ക് കോടതിയില്‍ പോകാം. ബി ജെ പി 14 കോടി രൂപ അടുത്തിടെ പിരിച്ചു കൊടുത്തപ്പോള്‍, പി എഫ് തുക അടയ്ക്കുമെന്നാണ് കരുതിയത്. ആ പണം എവിടെപ്പോയി?

പല യൂണിറ്റുകളിലും മൂന്ന് മാസത്തെ ശമ്പളം കൊടുക്കാനുണ്ട്; കണ്ണൂര്‍ യൂണിറ്റില്‍ അഞ്ചു മാസത്തെയും. ഒരു ജീവനക്കാരന്റെ വീട്ടില്‍ ഗ്യാസ് വന്നപ്പോള്‍ കൊടുക്കാന്‍ പണം ഇല്ലായിരുന്നു. ഞാനാണ് ഗൂഗിള്‍ പേ ചെയ്തത്. മനുഷ്യവിരുദ്ധ സംഭാവനകള്‍ നല്‍കിയതിന്റെ പേരിലാകാം, ജന്മഭൂമി എം ഡി, ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് ദേശീയ നേതൃത്വം കയറ്റം നല്‍കിയിട്ടുണ്ട്.

ഒരു ജീവനക്കാരന്‍ എന്നോട് പറഞ്ഞു: ഇനി ഞാന്‍ എവിടന്നും കടം വാങ്ങാന്‍ ബാക്കിയില്ല. ആത്മഹത്യയേ മുന്നിലുള്ളൂ.

 

 

Leave a comment

Your email address will not be published. Required fields are marked *