#Vote Talk

കരീംക്കയോ രാഘവേട്ടനോ രമേശ്ജിയോ.. കോയിക്കോടിന്റെ ഖല്‍ബിലാര്..?

ഇഞ്ചോടിഞ്ച് മത്സരമാണ് 2024 ൽ കോഴിക്കോട് നടക്കുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ ഒരേപോലെ മണ്ഡലത്തിലെ ജനപ്രിയർ. കഴിഞ്ഞ പതിനഞ്ച് വർഷം കൊണ്ട് താൻ മണ്ഡലത്തിൽ ഉണ്ടാക്കിയ ജനകീയ കൈമുതലാക്കിയാണ് എം.കെ രാഘവൻ നാലാമതും മത്സരത്തിന് ഇറങ്ങുന്നത്. എന്നാൽ പതിനഞ്ച് വർഷമായി മണ്ഡലത്തിൽ വികസനങ്ങൾ ഒന്നും തന്നെയുണ്ടായിട്ടില്ലെന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. വിജയസാധ്യതയില്ലെങ്കിൽ കൂടിയും പരമാവധി വോട്ടുകൾ നേടി തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

എം.കെ രാഘവന്റെ ‘ഏട്ടൻ’ ഇമേജിനെതിരെ തുടക്കത്തിൽ എളമരം കരീം ‘ഇക്ക’ ഇമേജ് വെച്ച് പ്രചാരണം ആരംഭിച്ചെങ്കിലും പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ വിമർശനങ്ങൾ ഉയർന്നതോടെ ‘കരീംക്ക’ വീണ്ടും കരീം ആയി മാറി. രാഷ്ട്രീയവും വികസനവും ചർച്ചയാവുന്നതിന് ഒപ്പം മതസാമുദായിക ഘടകങ്ങളും കോഴിക്കോട് വോട്ടിന്റെ ഭാഗമാകും. ഇരു സമസ്തകൾക്കും വലിയ സ്വാധീനമുള്ള കോഴിക്കോട് ലോക്‌സഭയിൽ തന്നെയാണ് കാന്തപുരം നേതൃത്വം നൽകുന്ന മർക്കസ് സ്ഥിതി ചെയ്യുന്നത്. സിഎഎ, പൗരത്വ രജിസ്റ്റർ തുടങ്ങിയവയിൽ എടുത്ത ശക്തമായ നിലപാടുകൾ തങ്ങൾക്ക് വോട്ടുകളായി മാറുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. പാർലമെന്റിൽ കോൺഗ്രസ് സിഎഎയ്ക്ക് എതിരായി നിലപാട് സ്വീകരിച്ചില്ലെന്നും തങ്ങളാണ് പൗരത്വഭേദഗതിക്ക് എതിരെ ശക്തമായി നിലകൊണ്ടതെന്നും സിപിഎം തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ പ്രചരണം നടത്തുന്നുണ്ട്.

കോൺഗ്രസ് പാളയത്തിൽ 15 വർഷത്തെ വികസനവും ഭാവി വാഗ്ദാനങ്ങളുമാണ് കോൺഗ്രസിന്റെ പ്രധാന പ്രചരണ ആയുധങ്ങൾ. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ വികസനമാണ് എംകെ രാഘവൻ ചൂണ്ടിക്കാണിക്കുന്ന ഏറ്റവും വലിയ പദ്ധതി. അതേസമയം ഇത്തവണ ചില ആശങ്കകൾ എംകെ രാഘവൻ നേരിടുന്നുണ്ട്. വിജയ സാധ്യത താരതമ്യേന കൂടി നിൽക്കുമ്പോഴും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം എന്തായാലും ഇത്തവണ നേടാൻ കഴിയില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇതിന് പുറമെ കോഴിക്കോട് കോൺഗ്രസിലെ പിണക്കങ്ങളും ശശി തരൂരിന് അനൂകലമായി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുന്ന നിലപാട് എംകെ രാഘവൻ എടുത്തതും വോട്ടിങിനെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ ഐഎൻഎല്ലിനൊപ്പം ‘റഹീം ലീഗ്’ എന്ന് വിളിക്കപ്പെടുന്ന നാഷണൽ സെക്യുലർ കോൺഫ്രൻസ് ലയിച്ചതുമാണ് കോൺഗ്രസിന്റെ ഭൂരിപക്ഷം കുറച്ചേക്കുമെന്ന വിലയിരുത്തലിന് പിന്നില്‍.

ഏഴു നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്‌സഭയിൽ ഉള്ളത്. കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, ബാലുശേരി, ഏലത്തൂർ, കുന്ദമംഗലം, കൊടുവള്ളി എന്നിവയാണ് ഇത്. നിലവിൽ കൊടുവള്ളി നിയോജകമണ്ഡലം മാത്രമാണ് യുഡിഎഫ് മുന്നണിക്ക് ഒപ്പമുള്ളത്. അതേസമയം ലോക്‌സഭയുടെ കാര്യത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി കോണ്‍ഗ്രസിന്റെ ‘കൈക്കുമ്പിളിലാണ്’ കോഴിക്കോട്.

Leave a comment

Your email address will not be published. Required fields are marked *