#Vote Talk

രാഹുലിനെ വിറപ്പിച്ചാല്‍ കേന്ദ്രമന്ത്രി.. കെ.സുരേന്ദ്രന് കേന്ദ്ര പാക്കേജ്

രാഹുൽ ഗാന്ധിയെ നേരിടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയും എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും മത്സരിക്കുന്ന മണ്ഡലത്തിൽ, ബിജെപി ആരെ നിർത്തുമെന്ന് ചോദ്യമുയര്‍ന്നിരുന്നു. രാഹുൽ ഗാന്ധിയും ആനി രാജയും വിസിറ്റിങ് വീസക്കാരും തന്റേത് സ്ഥിരം വീസയുമാണെന്ന മുനവച്ച പരാമർശവുമായാണ് സുരേന്ദ്രൻ വയനാട്ടിലേക്ക് എത്തുന്നത്.
വയനാട്ടിൽ സ്ഥാനാർഥിയായി പരിഗണിക്കുന്ന കാര്യം പാർട്ടി ദേശീയ നേതൃത്വം തന്നെ സുരേന്ദ്രനെ കഴിഞ്ഞയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച് വിശദീകരിച്ചിരുന്നു.

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന അധ്യക്ഷ പദവി ഒഴിയുമ്പോൾ സുരേന്ദ്രന് അർഹമായ സ്ഥാനം ഉറപ്പാക്കുന്ന കാര്യത്തിലും ധാരണയുണ്ടെന്നാണ് വിവരം. സംഘടനാ തലത്തിലോ ഭരണ സംവിധാനത്തിലോ സുരേന്ദ്രന് അർഹമായ പരിഗണന ഉറപ്പാക്കും. രാജ്യസഭാ എംപി സ്ഥാനവും കേന്ദ്രമന്ത്രിസഭയിൽ അംഗത്വവും ഉൾപ്പെടെ പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന് വലിയ മേൽക്കൈ ഉള്ള, ബിജെപിക്ക് എട്ടു ശതമാനത്തിൽ താഴെ മാത്രം വോട്ടുവിഹിതമുള്ള മണ്ഡലത്തിലേക്ക് സംസ്ഥാന അധ്യക്ഷനെ ബിജെപി നേതൃത്വം നിയോഗിക്കുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ്. വയനാട്ടിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കു ലഭിച്ച മൃഗീയ ഭൂരിപക്ഷം കുറയ്ക്കുകയും, അദ്ദേഹത്തെ പ്രചാരണത്തിൽ പരമാവധി വയനാട്ടിൽത്തന്നെ തളച്ചിടുകയുമാണ് പ്രധാന ലക്ഷ്യം.

സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഇത്തവണ വയനാട്ടിൽ പ്രചാരണച്ചൂടേറുമെന്ന് ഉറപ്പായി. ബിജെപിയുടെ ദേശീയ നേതാക്കളും താര പ്രചാരകരും ഇക്കുറി സുരേന്ദ്രനായി രംഗത്തിറങ്ങും.

Leave a comment

Your email address will not be published. Required fields are marked *