#Vote Talk

ഭരണം മാറും, എല്ലാവരും കരുതിയിരിക്കണം; ബിജെപിക്കെതിരെ കലിപ്പിച്ച് രാഹുല്‍

നികുതിവെട്ടിപ്പില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജെപിയ്ക്കെതിരെ കണ്ണുരുട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ മാറുമെന്നകാര്യം എല്ലായ്പ്പോഴും ബിജെപിയ്ക്ക് ഓര്‍മ്മ വേണമെന്ന് രാഹുല്‍ പറഞ്ഞു. നോട്ടീസ് ലഭിച്ചതിന് പിന്നാലെ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ മാറുമെന്നകാര്യം എല്ലാവര്‍ക്കും ഓര്‍മ്മവേണം. സര്‍ക്കാര്‍ മാറിയാല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആരും ഇനി ഈ തെറ്റ് ആവര്‍ത്തിക്കാന്‍ ധൈര്യപ്പെടാത്ത തരത്തില്‍ ആയിരിക്കും ഈ ശിക്ഷ. ഇത് തന്റെ ഗ്യാരണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു.

1700 കോടി രൂപയുടെ ആദായ നികുതി വകുപ്പ് നോട്ടീസ് ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടുള്ളത്. നികുതിയും ഇതിന്റെ പലിശയും പിഴയും ചേര്‍ത്താണ് ഇത്രയും വലിയ തുക. രണ്ട് വര്‍ഷങ്ങളില്‍ നടത്തിയ നികുതി വെട്ടിപ്പിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്ന് കാട്ടി കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയത്. നേരത്തെ കോണ്‍ഗ്രസിന്റെ ഫണ്ടുകള്‍ വകുപ്പ് മരവിപ്പിച്ചിരുന്നു. ഫണ്ടില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവതാളത്തിലാണ്.

 

Leave a comment

Your email address will not be published. Required fields are marked *