#World Talk

അരുണാചൽ ഇന്ത്യയുടേത് മാത്രം; ചൈനയ്‌ക്കെതിരെ വിമർശനവുമായി യുഎസ്

അരുണാചൽ പ്രദേശിനെ ചുറ്റിപ്പറ്റിയുള്ള ചൈനയുടെ അവകാശവാദങ്ങളെ പാടെ തള്ളി അമേരിക്ക. അരുണാചൽ പ്രദേശ് ഇന്ത്യൻ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് യുഎസ് ചൂണ്ടിക്കാട്ടി.യഥാർഥ നിയന്ത്രണരേഖ കടന്നുള്ള അവകാശവാദങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൾ ഉപവക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചൽ സന്ദർശനത്തിന് പിന്നാലെയാണ് ചൈനീസ് സൈന്യം സംസ്ഥാനത്തിന് മേൽ അവകാശവാദവുമായി രംഗത്തെത്തിയത്. ചൈന- ഇന്ത്യ അതിർത്തിയോട് അടുത്ത സേല ടണൽ നിർമ്മാണം പൂർത്തിയാക്കി ലോകശ്രദ്ധയാകർഷിച്ചത് ചൈനയ്ക്ക് വലിയ ക്ഷീണമായിരുന്നു. ഇത് മറയ്ക്കാനാണ് അരുണാചലിനെ സംബന്ധിച്ച വ്യാജ അവകാശവാദവുമായി ചൈന രംഗത്തെത്തിയത്.

ഇന്ത്യ അനധികൃതമായി സ്ഥാപിച്ച അരുണാചൽ പ്രദേശിനെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. പ്രദേശം ഏകപക്ഷീയമായി വികസിപ്പിക്കാൻ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും ചൈന പറഞ്ഞിരുന്നു. പരാമർശം വിവാദമാകുകയും ചൈനീസ് നിലപാട് ഇന്ത്യ തള്ളിക്കളയുകയുമാ യിരുന്നു. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും മറ്റുസംസ്ഥാനങ്ങൾ സന്ദർശിക്കുന്നതു പോലെത്തന്നെ ഇന്ത്യൻ നേതാക്കൾ അവിടവും സന്ദർശിക്കാറുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. ഇത്തരം സന്ദർശനങ്ങളേയും വികസനപദ്ധതികളേയും ചൈന എതിർക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റായാണ് ചൈന അവകാശപ്പെടുന്നത്. തങ്ങളുടെ അവകാശവാദങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഇന്ത്യൻ നേതാക്കളുടെ സംസ്ഥാന സന്ദർശനത്തെ ചൈന എന്നും എതിർക്കുകയാണ് ചെയ്യാറ്. അരുണാചലിനെ ചൈന സാങ്‌നാൻ എന്നാണ് വിളിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *