#World Talk

‘ഗാസയിലെ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണം’; ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി

തെക്കന്‍ ഗാസയിലെ നഗരമായ റഫായില്‍ സൈനിക നടപടി അവസാനിപ്പിക്കാനും മേഖലയില്‍ നിന്ന് പിന്മാറാനും ഇസ്രയേലിനോട് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. പലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് നടപടി. ഈ വർഷം മൂന്നാമത്തെ തവണയാണ് ഗാസയിലെ മരണങ്ങളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി 15 അംഗ പാനല്‍ ഉത്തരവിടുന്നത്. ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെങ്കിലും ഇത് നടപ്പാക്കുന്നതിന് ആവശ്യമായ സേന കോടതിക്കില്ല.

മാർച്ചിലെ ഉത്തരവ് ഗാസയില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികള്‍ പൂർണമായി അഭിസംബോധന ചെയ്തിരുന്നില്ലെന്ന് ഉത്തരവ് വായിച്ചുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പാനലിന്റെ തലവനായ നവാഫ് സലാം പറഞ്ഞു. എന്നാല്‍ പുതിയ ഉത്തരവില്‍ പോരായ്മകള്‍ നികത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഗാസയിലെ സൈനിക നടപടി ഇസ്രയേല്‍ അടിയന്തരമായി അവസാനിപ്പിക്കണം. റാഫയില്‍ ഇനി ആക്രമണം ഉണ്ടായാല്‍ പലസ്തീന്‍ ജനതയ്ക്ക് പൂർണമായോ ഭാഗീകമായോ നാശനഷ്ടം സംഭവിച്ചേക്കാം. റാഫയിലെ മാനുഷിക സാഹചര്യം ദുഷ്കരമാണ്,” സലാം വ്യക്തമാക്കി.

കോടതിയുടെ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി നിർദേശിച്ചു. മാനുഷിക സഹായം എത്തിക്കുന്നതിനായി റഫാ അതിർത്തി തുറക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

ഈ മാസം ആദ്യമാണ് റഫായില്‍ ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചത്. ആക്രമണം ആരംഭിച്ചതോടെ റഫായില്‍ അഭയം പ്രാപിച്ച ലക്ഷക്കണക്കിന് പലസ്തീനികളാണ് പലായനം ചെയ്തത്. റഫാ അതിർത്തി അടച്ചതോടെ മാനുഷിക സഹായ വിതരണവും നിലച്ചിരുന്നു. പട്ടിണി വർധിപ്പിക്കാന്‍ ഇത് കാരണമായെന്നും അന്താരാഷ്ട്ര സംഘടനകള്‍ ആരോപിച്ചിരുന്നു.

 

ഗാസയിലെ സാഹചര്യങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. പലസ്തീന്‍ ജനതയുടെ അതിജീവനത്തിനായി ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ആവശ്യം. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ജനുവരിയില്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വംശഹത്യ ആരോപണങ്ങളെല്ലാം ഇസ്രയേല്‍ തള്ളുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *