#World Talk

‘അന്താരാഷ്ട്ര കോടതി കടന്നാക്രമിക്കുന്നു’; ഉത്തരവ് തള്ളി ഇസ്രയേൽ

ഗാസയിലെ റഫാ മേഖലയില്‍ നടത്തുന്ന ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന അന്താരാഷ്ട്ര സമ്മര്‍ദങ്ങളോട് മുഖം തിരിക്കുന്ന നിലപാട് തുടര്‍ന്ന് ഇസ്രയേല്‍. റഫയില്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇസ്രയേല്‍ തള്ളി . തങ്ങള്‍ വംശഹത്യ നടത്തുന്നു എന്ന ആരോപണം തെറ്റാണെന്നും തങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം.

ഗാസയിലെ റഫായില്‍ നടത്തുന്ന ആക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ)യുടെ ആവശ്യം. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു എന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ക്ക് ഗാസയിലേക്ക് പ്രവേശനം അനുവദിക്കണം, ഉത്തരവില്‍ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി റഫ അതിര്‍ത്തി തുറക്കാണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളായിരുന്നു കോടതി മുന്നോട്ടുവച്ചത്. ഗാസയ്ക്ക് എതിരായ ഇസ്രായേല്‍ സൈനിക നീക്കത്തിന് എതിരെ ദക്ഷിണാഫ്രിക്ക ഫയല്‍ചെയ്ത കേസിന്റെ ഭാഗമായി വാദം കേള്‍ക്കലിനിടെയാണ് റഫായിലെ ആക്രമണം ചൂണ്ടിക്കാട്ടിയിരുന്നു ഇതിലാണ് ഐസിജെയുടെ വിധി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ധാര്‍മികമായി അംഗീകരിക്കാന്‍ സാധിക്കാത്തതും പ്രതിഷേധാത്മകവും, അന്താരാഷ്ട്ര കോടതിയുടെ നീക്കമെന്നാണ് ഇസ്രായേല്‍ നിലപാട്.

അതേസമയം, ‘ഗാസയ്ക്കെതിരെയുള്ള ഇസ്രയേലിന്റെ യുദ്ധമുണ്ടാക്കിയ വിപത്ത് വിവരിക്കാന്‍ സാധിക്കുന്നതിലുമപ്പുറമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ പ്രതികരണം. അതുടന്‍ അവസാനിപ്പിക്കണം’ എന്നാണ് ഐക്യരാഷ്ട്രസഭ അടിയന്തര സഹായ വിഭാഗത്തിന്റെ മേധാവി പറഞ്ഞത്.

ഇസ്രയേലിന്റെ ടാങ്കുകൾ ഉൾപ്പെടെയുള്ള സൈനിക ട്രൂപ്പുകൾ ഇപ്പോൾ റഫയുടെ തെക്ക്കിഴക്ക് ഭാഗത്താണുള്ളത്. അവിടെ നിന്നും കൂടുതൽ ജനവാസമുള്ള പടിഞ്ഞാറൻ ജില്ലകളിലേക്ക് കടക്കാൻ പോകുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഫ വഴിയുള്ള അവശ്യ സാധനങ്ങളുടെ ഗതാഗതം ഇസ്രയേൽ സൈന്യം റഫയിലേക്ക് കടന്നതോടെ തടസപ്പെട്ടതാണ്. ഇപ്പോൾ ഈജിപ്തിന്റെ അനുമതിയോടെ കരേം അബു സലേം അതിർത്തി വഴിയാണ് ഐക്യരാഷ്ട്രസഭയുടെ സഹായങ്ങൾ ഗാസയിലേക്കെത്തിക്കുന്നത്. ഇതുവരെ ആകെ ഗാസയിൽ 35,857 ആളുകൾ ഇസ്രായേലി സൈന്യത്താൽ കൊല്ലപ്പെട്ടിട്ടുണ്ട്. 80,293 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഹമാസിന്റെ ആക്രമണത്തിൽ മരണപ്പെട്ട ഇസ്രയേലികളുടെ എണ്ണം 1139ആണ്. രണ്ടു ഭാഗത്തും ആളുകളെ തടങ്കലിൽ പാർപ്പിച്ചിട്ടുമുണ്ട്.

റഫയിൽ സൈനിക നടപടി അവസാനിപ്പിച്ച് പിന്മാറണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേലിനോട് ആവശ്യപ്പെടുന്നത് ഇന്നലെയാണ്. പലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് നടപടി. ഈ വർഷം മൂന്നാമത്തെ തവണയാണ് ഗാസയിലെ മരണങ്ങളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി കോടതി ഉത്തരവിടുന്നത്. ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെങ്കിലും ഇത് നടപ്പാക്കുന്നതിന് ആവശ്യമായ സേന കോടതിക്കില്ല.

മാർച്ചിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് പൂർണമായും ഗാസയിൽ നിലനിൽക്കുന്ന പ്രശനങ്ങൾ അഭിസംബോധന ചെയ്യുന്നതല്ല എന്നും ഇത്തവണ അതെല്ലാം പരിഹരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും, പതിനഞ്ചംഗ സമിതിയുടെ തലവനായ നവാസ് സലാം ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് പറഞ്ഞിരുന്നു. ഉത്തരവിന്മേൽ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്നും, മാനുഷിക സഹായം എത്തിക്കുന്നതിനായി റഫാ അതിർത്തി തുറക്കാനും കോടതി ഉത്തരവിട്ടിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *