#World Talk

‘പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം’; യുഎ‍ൻ വിദഗ്ധസംഘം

പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കുന്നതിനായി എല്ലാ രാജ്യങ്ങളും പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ (യുഎൻ) വിദഗ്ധരടങ്ങിയ സംഘം. സ്പെയിന്‍, അയർലന്‍ഡ്, നോർവെ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിനുപിന്നാലെയാണ് യുഎന്‍ വിദഗ്ധ സംഘത്തിന്റെ ആഹ്വാനം.

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടത്തില്‍ സുപ്രധാന ചുവടുവെപ്പായിരിക്കും സ്വതന്ത്ര രാഷ്ട്രമെന്ന അംഗീകാരമെന്ന് വിദഗ്ധസംഘം പറഞ്ഞു. പലസ്തീന്‍ മേഖലകളിലെ മാനുഷിക സാഹചര്യം റിപ്പോർട്ട് ചെയ്യാന്‍ യുഎൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനുള്‍പ്പടെ സംഘത്തിന്റെ ഭാഗമാണ്.

പലസ്തീനിലും പശ്ചിമേഷ്യയിലും സമാധാനം സ്ഥാപിക്കുന്നതിന് ആദ്യ ചവിട്ടുപടിയാണിത്. ശേഷം അടിയന്തരമായി ഗാസയില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കുകയും റഫായിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയും വേണമെന്നും സംഘം ആവശ്യപ്പെട്ടു. പലസ്തീനും ഇസ്രയേലിനും സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള ഏകമാർദം ദ്വിരാഷ്ട്ര പരിഹാരമാണെന്നും സംഘം വ്യക്തമാക്കി.

യുഎന്‍ സംഘത്തിന്റെ ആഹ്വാനത്തോട് പ്രതികരിക്കാന്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചതിനു പിന്നാലെ വെടിനിർത്തല്‍ കരാർ സാധ്യമാക്കുന്നതിനായി പ്രവർത്തിക്കുമെന്ന് സ്പെയിന്‍, അയർലന്‍ഡ്, നോർവെ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ നിലപാട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേയും സ്വാധീനിക്കുമെന്നും പിന്തുടരുമെന്നുമാണ് പ്രതീക്ഷയെന്നും മൂന്ന് രാജ്യങ്ങളും പ്രതികരിച്ചു. എന്നാല്‍ ഡെന്മാർക്ക് പാർലമെന്റ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യം തള്ളിയിരുന്നു.

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാർ ഇസ്രയേല്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഓഫിർ ഫാക്കിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. “ബൈഡന്‍ മുന്നോട്ട് വച്ചിരിക്കുന്ന കരാർ ഞങ്ങള്‍ അംഗീകരിച്ചതാണ്. ഇതൊരു നല്ല കരാറല്ല. പക്ഷേ, ബന്ധികളെ മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” ഓഫിർ സണ്‍ഡെ ടൈംസിനോട് വ്യക്തമാക്കി.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള നീക്കങ്ങളെയെല്ലാം ഇസ്രയേല്‍ അപലപിക്കുകയാണുണ്ടായത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 36,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *