#World Talk

ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയ; ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും വെല്ലുവിളിയായി സ്‌പേസ് ബഗ്

നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. എന്നാല്‍ സുനിത അടക്കമുള്ള യാത്രികര്‍ ബഹിരാകാശത്തുള്ള അണുക്കള്‍ (സ്‌പേസ് ബഗ്) കാരണമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്വാസകോശത്തെ പോലും ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഈ അണുക്കള്‍ ഉണ്ടാക്കുന്നുവത്രെ.

എന്ററോബാക്ടര്‍ ബഗ് അന്‍ഡന്‍സിസ് എന്ന ബാക്ടീരിയയാണ് ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. ഒരു അടഞ്ഞ പരിതസ്ഥിതിയില്‍ ഈ ബാക്ടീരിയ കൂടുതല്‍ പരിണമിക്കുകയും കൂടുതല്‍ ശക്തമാകുകയും ചെയ്യും.

”നാസയുടെ ജെറ്റ് പ്രൊപ്പള്‍ഷന്‍ ലബോറട്ടറിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. കസ്തൂരി വെങ്കടേശ്വരന്‍ എംസ് സ്‌പേസ് ബയോളജി ഗ്രാന്‍ഡ് ഫണ്ട് ചെയ്യുന്ന പുതിയ സയന്റിഫിക് പേപ്പറില്‍ ബഹിരകാശ നിലയത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത എന്ററോബാക്ടര്‍ ബഗ് അന്‍ഡന്‍സിസിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് എന്നറിയപ്പെടുന്ന ഈ ബാക്ടീരിയയുടെ പതിമൂന്ന് വകഭേദങ്ങളാണ് ബഹിരാകാശത്ത് നിന്നും കണ്ടെത്തിയത്,” നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ഈ ബാക്ടീരിയകള്‍ അന്യഗ്രഹത്തില്‍ നിന്നുള്ളതല്ല, മറിച്ച് ഭൂമിയില്‍ നിന്നും ബഹിരാകാശത്തെത്തുന്നതാണ്. പക്ഷേ, അടഞ്ഞ അന്തരീക്ഷത്തില്‍ ഇവ കൂടുതല്‍ അപകടകരമായി മാറുന്നു. ബഹിരാകാശ നിലയത്തിന്റെ മൈക്രോഗ്രാവിറ്റിയും അടഞ്ഞതുമായ അന്തരീക്ഷം ബാക്ടീരിയക്ക് കൂടുതല്‍ പരിണമിക്കുന്നതിനും കൂടുതല്‍ ശക്തിയാകുന്നതിനുമുള്ള സാഹചര്യമുണ്ടാക്കുന്നു.

ജൂണ്‍ അഞ്ചിനാണ് സുനിതാ വില്യംസ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. 25 മണിക്കൂര്‍ യാത്രക്ക് ശേഷം ജൂണ്‍ ആറിന് സുനിതാ വില്യംസും സംഘവും ബഹിരാകാശ നിലയത്തിലെത്തുകയായിരുന്നു. പുതിയ ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ യാത്ര ചെയ്യുന്ന ആദ്യത്തെ വനിതയാണ് സുനിത. മാത്രവുമല്ല, ബഹിരാകാശത്തേക്കുള്ള സുനിതയുടെ മൂന്നാമത്തെ യാത്ര കൂടിയാണിത്.

Leave a comment

Your email address will not be published. Required fields are marked *